വഴങ്ങിയില്ലെങ്കില്‍ കൊല്ലുമെന്ന് പറഞ്ഞ് ആക്രമിച്ചു, റിസീവര്‍ തലയ്ക്കടിച്ചു; തിരച്ചില്‍ ഊര്‍ജിതം

Share our post

തെന്മല(കൊല്ലം): തമിഴ്‌നാട്ടിലെ തെങ്കാശി പാവൂര്‍സത്രത്തില്‍ മലയാളിയായ റെയില്‍വേ ഗേറ്റ് കീപ്പര്‍ക്കുനേരേ ആക്രമണമുണ്ടായ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കൊല്ലം സ്വദേശിയായ യുവതിക്കുനേരേ വ്യാഴാഴ്ച രാത്രി എട്ടിനാണ് ആക്രമണമുണ്ടായത്. യുവതി അംബാസമുദ്രത്തില്‍ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്.

യുവതിയുടെ മാതാപിതാക്കള്‍ കേരളത്തില്‍നിന്നു തമിഴ്നാട്ടിലെത്തിയിട്ടുണ്ട്. ശനിയാഴ്ച പോലീസ് സംഘം യുവതിയെ സന്ദര്‍ശിച്ചിരുന്നു. പാവൂര്‍സത്രം, കടയം ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ റെയില്‍വേ പോലീസ് ആറുസംഘങ്ങളായി തിരിഞ്ഞ് പരിശോധിച്ചുവരികയാണ്.

പ്രതി പെയിന്റിങ് തൊഴിലാളിയെന്നു സൂചന

അക്രമിയെക്കുറിച്ചുള്ള ചില സൂചനകളും യുവതി പോലീസിനു കൈമാറിയിട്ടുണ്ട്. പ്രതി ഷര്‍ട്ട് ധരിച്ചിരുന്നില്ലെന്നും തമിഴ് സംസാരിച്ചിരുന്നതായും പറയുന്നു. പോലീസിനു ലഭിച്ച വിവരങ്ങള്‍വെച്ച് പ്രതി പെയിന്റിങ് തൊഴിലാളിയാകാന്‍ സാധ്യതയുണ്ട്. പാവൂര്‍സത്രം പോലീസിനൊപ്പം റെയില്‍വേ ഡിവൈ.എസ്.പി. പൊന്നുസ്വാമിയുടെ നേതൃത്വത്തില്‍ 20 അംഗ റെയില്‍വേ പോലീസും ഊര്‍ജിതമായ അന്വേഷണം നടത്തിവരികയാണ്.

വഴങ്ങിയില്ലെങ്കില്‍ കൊല്ലുമെന്നു ഭീഷണി

മുറിയില്‍ കയറിയ പ്രതി പെട്ടെന്ന് വാതിലടച്ചു കുറ്റിയിടുകയായിരുന്നു. വഴങ്ങിയില്ലെങ്കില്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി യുവതിയെ ആക്രമിച്ചു.

ഫോണിന്റെ റിസീവര്‍കൊണ്ട് യുവതിയുടെ തലയ്ക്കടിച്ചു. പിടിവലിക്കിടയില്‍ യുവതിക്ക് പരിക്കുപറ്റിയെങ്കിലും പ്രതിയുടെ മുടിയില്‍ കുത്തിപ്പിടിച്ച് പ്രതിരോധിച്ചു. തുടര്‍ന്ന് വാതില്‍തുറന്ന് പുറത്തേക്ക് ഓടുകയായിരുന്നു. ഓടുന്നതിനിടയില്‍ റെയില്‍വേ ട്രാക്കില്‍വീണ് ശരീരമാസകലം ക്ഷതമേറ്റിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!