കാര്‍ പാര്‍ക്കിങ്ങിനെച്ചൊല്ലി തര്‍ക്കം; ബെംഗളൂരുവില്‍ രണ്ട് വിദ്യാര്‍ഥികളെ കുത്തിക്കൊന്നു

ബെംഗളൂരു: ബെംഗളൂരു റൂറല്‍ ജില്ലയിലെ ദൊഡ്ഡബെല്ലാപുരയില്‍ കാര്‍ പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് രണ്ടു വിദ്യാര്‍ഥികളെ നാലംഗസംഘം കുത്തിക്കൊലപ്പെടുത്തി. ദൊഡ്ഡബെലവംഗല സ്വദേശികളായ ഭരത് കുമാര്‍ (23), പ്രതീക് (17) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഭരത് എന്‍ജിനിയറിങ് വിദ്യാര്‍ഥിയും പ്രതീക് പി.യു. വിദ്യാര്‍ഥിയുമായിരുന്നു. കര്‍ണാടക പബ്ലിക് സ്‌കൂള്‍ ഗ്രൗണ്ടില്‍ ക്രിക്കറ്റ് മത്സരം കാണാനെത്തിയതായിരുന്നു ഇരുവരും. മത്സരം കാണാനെത്തിയതായിരുന്നു നാലംഗസംഘവും.
മത്സരം നടക്കുന്നതിന് സമീപം പ്രതികളുടെ കാര്‍ പാര്‍ക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. പാര്‍ക്ക് ചെയ്തതിനെ സ്ഥലത്തുണ്ടായിരുന്നവര്‍ എതിര്‍ക്കുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഇതിനിടെ കാറിന് നാശംവരുത്തിയശേഷം സ്ഥലത്തുണ്ടായിരുന്ന ഒരുവിഭാഗം ആളുകള്‍ ഓടിരക്ഷപ്പെട്ടു.
ഈ സമയം ഭരതുംപ്രതീകും ദൊഡ്ഡബെലവംഗല ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്നു. ഇവര്‍ വഴക്കിട്ട സംഘത്തിലുണ്ടായിരുന്നില്ല. എന്നാല്‍, ഇരുവരും കാര്‍ നശിപ്പിച്ച സംഘത്തിലുള്ളതാണെന്ന് തെറ്റിദ്ധരിച്ച പ്രതികള്‍ ഇവരെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികളെ പിടികൂടാന്‍ നാലുപ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു.