അണ്ടലൂർ ക്ഷേത്രോത്സവം: ബാലി സുഗ്രീവ യുദ്ധം കാണാൻ ഭക്തജന പ്രവാഹം

ധർമടം: കെട്ടിയാട്ടത്തിന് തുടക്കമായ അണ്ടലൂർ ക്ഷേത്രത്തിൽ ബാലി സുഗ്രീവ യുദ്ധം കാണാൻ ഇന്നലെ നൂറുകണക്കിന് ഭക്തർ എത്തി. കത്തിയെരിയുന്ന ഉച്ച വെയിലിനെ അവഗണിച്ച് ജനം ക്ഷേത്ര തിരുമുറ്റത്ത് ബാലീ–സുഗ്രീവന്മാരെ കാത്തിരുന്നു. ചുട്ടുപൊള്ളുന്ന പൂഴിമണലിൽ കലപില കൂട്ടുന്ന കുട്ടിക്കൂട്ടങ്ങൾക്കും ആകാംക്ഷയോടെ കാത്തിരിക്കുന്ന മുതിർന്നവർക്കുമിടയിലേക്ക് ആദ്യം ബാലിയെത്തി.
ക്ഷേത്ര തിരുമുറ്റത്ത് ചെണ്ടയിൽ മേളം മുറുകുന്നതിനിടയിൽ ഇരുഭാഗത്തേക്കും നിവർത്തിപ്പിടിച്ച കൈകളുമായി ഉഗ്ര പ്രതാപത്തോടെ സുഗ്രീവൻ കടന്നുവന്നു. പരസ്പരം നോട്ടമെറിഞ്ഞു ചെണ്ടയുടെ മേളത്തിനൊപ്പിച്ച് ഇരുവരും ക്ഷേത്രത്തെ വലംവച്ചു.
മേളം മുറുകുന്നതിനിടയിൽ പല തവണ തെയ്യങ്ങൾ മുഖാമുഖം കണ്ടു. ബാലി–സുഗ്രീവന്മാർ കളത്തിലെത്തിയതോടെ കുട്ടികളുടെ ആർപ്പുവിളികൾ പാരമ്യത്തിലായി. എല്ലാം ആസ്വദിച്ച് തെയ്യങ്ങൾ തിരുമുറ്റത്ത് ഉറഞ്ഞാടി യുദ്ധത്തിനായി അങ്കം കുറിച്ചു.
കളത്തിലിറങ്ങിയ തെയ്യങ്ങളെ പ്രോൽസാഹിപ്പിച്ച് ഭക്തരും ഒപ്പം കൂടി. വാളും പരിചയും ഉയർത്തി ബാലിയും സുഗ്രീവനും നേർക്കു നേർ പൊരുതാനിറങ്ങിയതോടെ ജനം ശ്വാസമടക്കിനിന്നു. മധ്യസ്ഥനായ ബപ്പൂരൻ കളത്തിൽ വട്ടമിട്ടു നടന്നു. അങ്കം മുറുകിയതോടെ ബപ്പൂരൻ ഇരുവർക്കുമിടയിൽ നിലയുറപ്പിച്ച് ബാലി–സുഗ്രീവ യുദ്ധത്തിന് പരിസമാപ്തി കുറിച്ചു.
വൈകിട്ട് പ്രധാന ആരാധനാമൂർത്തിയായ ദൈവത്താറീശ്വരന്റെ തിരുമുടിവയ്പ്പ് നടന്നു. തുടർന്ന് അങ്കക്കാരനും ബപ്പൂരനുമൊപ്പം ദൈവത്താർ ഭക്തരെ അനുഗ്രഹിച്ചു. താഴെക്കാവിൽ ആട്ടവും നടന്നു. ഇന്നും ഇതേ രീതിയിലുള്ള തെയ്യാട്ടം ക്ഷേത്രത്തിൽ നടക്കും.