കാഞ്ഞിരക്കൊല്ലിയിൽ വാറ്റ് കേന്ദ്രം തകർത്തു; 585 ലിറ്റർ വാഷ് പിടികൂടി

ശ്രീകണ്ഠപുരം: കാഞ്ഞിരക്കൊല്ലി മേഖലയിൽ ശ്രീകണ്ഠപുരം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വൻ വാറ്റ് കേന്ദ്രം തകർത്തു. ചിറ്റാരി ഉടുമ്പ പുഴയുടെ തീരത്ത് പ്രവർത്തിച്ചുവരുന്ന വാറ്റ് കേന്ദ്രമാണ് തകർത്തത്. വാറ്റ് സംഘം ഓടി രക്ഷപ്പെട്ടു. 585 ലിറ്റർ വാഷും നിരവധി വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.
പുഴയരികിൽ കുഴിയെടുത്ത് പ്ലാസ്റ്റിക്ക് ഷീറ്റ് വിരിച്ച് സൂക്ഷിച്ച നിലയിലും പ്ലാസ്റ്റിക്ക് ബാരലിലും കന്നാസുകളിലും നിറച്ചുവെച്ച നിലയിലുമാണ് വാഷ് കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്തു.
പ്രതികളെ കണ്ടെത്താനായി അന്വേഷണം തുടങ്ങി. പ്രിവന്റീവ് ഓഫിസർ കെ. രത്നാകരൻ, ഗ്രേഡ് പ്രിവന്റീവ് ഓഫിസർ പി.വി. പ്രകാശൻ, സി.ഇ.ഒ മാരായ എം. ഗോവിന്ദൻ, പി. ഷിബു, ടി.വി. ശ്രീകാന്ത്, ടി.പി. സുദീപ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.