കൂടാളിയിലെ അടുക്കളകളിലിന്ന് പാചക വാതകം ഒരു ആശങ്കയേയല്ല

കണ്ണൂർ: ‘‘തീർന്നുപോകുമോ എന്ന വേവലാതിക്കാണ് അറുതിയായത്. ആശങ്കയും സംശയവും ഏറെയുണ്ടായിരുന്നെങ്കിലും ഇന്നതെല്ലാം മാറി’’–- കൂടാളിയിലെ അടുക്കളകളിലിന്ന് പാചകവാതകം ഒരു ആശങ്കയേയല്ല. മൂന്നുമാസത്തോളമായി ഇവിടെ സിറ്റി ഗ്യാസ് വഴി അടുക്കളകളിൽ പാചകവാതകമെത്തിയിട്ട്. ഇരുനൂറ്റമ്പതോളം വീടുകളിൽ കണക്‌ഷൻ ലഭിച്ചുകഴിഞ്ഞു.
വീട്ടിലേക്ക് നേരിട്ട് കിട്ടിയതോടെ നമുക്ക് ഇതിനെപ്പറ്റി ഇനി ചിന്തിക്കേണ്ടല്ലോയെന്നായിരുന്നു റിട്ട. അധ്യാപക ദമ്പതികളായ എംഎൻ സാവിത്രിയമ്മയുടെയും എസ് ദിവാകരന്റെയും ചോദ്യം. ഒന്നുതീരുമ്പോൾ അടുത്തത് ബുക്ക് ചെയ്‌ത് വയ്‌ക്കും. റോഡിരികിലായതിനാൽ പെട്ടെന്നുതന്നെ കിട്ടാറുണ്ട്. പക്ഷേ, ഇപ്പോൾ ഇതൊരു ചിന്തയേയല്ല. ഏതുസമയത്തും നമുക്ക് എടുക്കാമല്ലോയെന്നും സാവിത്രിയമ്മ.
രാവിലത്തെ തിരക്കിൽ പല തവണ പെട്ടുപോയിട്ടുണ്ട് പുത്തൻപുരയിൽ ഷൈമജ. ഒറ്റസിലിണ്ടർ മാത്രമായതിനാൽ തീർന്നാലേ മാറ്റാൻ കഴിയൂ. രണ്ട് മാസമായി ഷൈമജ ഹാപ്പിയാണ്. ബിൽ ഇതുവരെ വരാത്തതിനാൽ നേരത്തെയുള്ളതിനേക്കാൾ ലാഭമാണോയെന്ന് പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷേ, ഒരാശ്വാസമുണ്ട്. തീർന്നുപോകില്ലല്ലോ.
പൈപ്പിലൂടെ വരുന്നതല്ലേ പേടിയുണ്ടോയെന്ന് ചോദിച്ചപ്പോൾ എന്തുപേടിയെന്ന് കുഞ്ഞിപ്പുരയിൽ കാർത്യായനിയും രമണിയും. ആളുകൾ പറഞ്ഞതുപോലൊന്നുമല്ല. പേടിക്കാനൊന്നുമില്ല. നല്ല സൗകര്യമാണിത്. ഇപ്പോഴുള്ളതിനേക്കാൾ നന്നായി കത്തുന്നുമുണ്ട്. രണ്ടാൾക്കും ഒരേ അഭിപ്രായം.
ജില്ലയിൽ ആദ്യം പാചകവാതകം പൈപ്പുവഴി വീടുകളിലെത്തിയ കൂടാളി പഞ്ചായത്തിലെ മെമ്പർകൂടിയാണ് ജലജ. നേരത്തെയുള്ളതിനേക്കാൾ നല്ലതാണ് പൈപ്പുവഴിയെത്തുന്ന വാതകമെന്നുതന്നെയാണ് ജലജയുടെ അഭിപ്രായം.
സിലിണ്ടറിൽനിന്ന് കിട്ടുന്നതിനേക്കാൾ ശക്തിയിലായതിനാൽ പൈപ്പുവഴിയെത്തുന്ന വാതകം കത്തുമ്പോൾ ചൂടും കൂടുതലാണെന്ന് ജലജ പറയുന്നു.
കാർത്തികയിൽ റിട്ട. അധ്യാപകൻ പി കരുണാകരന്റെ വീട്ടിലും പൈപ്പുവഴിയെത്തിയ വാതകത്തിലാണ് മുഴുവൻ പാചകവും. ഇതിനെപ്പറ്റി ഒന്നും ആലോചിക്കേണ്ടെന്നതു തന്നെയാണ് കരുണാകരന്റെയും ആശ്വാസം.