നാടിന്റെ തണലിലേക്ക്‌ ത്രേസ്യാമ്മയും തോമസും മടങ്ങി

Share our post

കണ്ണൂർ: ജില്ലാ ആസ്പത്രിയിലെ ഫീമെയിൽ സർജറി വാർഡിൽനിന്ന്‌ സ്‌ട്രെച്ചറിൽ പുറത്തേക്ക്‌ കടക്കുമ്പോൾ ത്രേസ്യാമ്മയുടെ കണ്ണുകളിൽ ആശ്വാസത്തിന്റെ തിളക്കമായിരുന്നു. വയ്യാത്ത കാലുകളുമായി ഭർത്താവ്‌ തോമസും ഒപ്പം നടന്നു. കൂട്ടിക്കൊണ്ടുപോകാൻ വാർഡംഗം കോയാടൻ രാമകൃഷ്‌ണനും നാട്ടുകാരും എത്തിയതോടെ ഇരുവരും സ്വന്തം വീട്ടിലേക്ക്‌ മടങ്ങി.

കാലിൽ ശസ്‌ത്രക്രിയ നടത്തി സ്‌ത്രീകളുടെ വാർഡിൽ കഴിയുന്ന ഇരിട്ടി തേർമല സ്വദേശി ത്രേസ്യാമ്മയുടെയും (65 ) കൂട്ടിരിപ്പുകാരനായ ഭർത്താവ്‌ തോമസിന്റെയും (71) ദൈന്യതയെക്കുറിച്ച്‌ കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. സ്വന്തമായി എഴുന്നേറ്റ്‌ നിൽക്കാൻ പോലുമാവാത്ത വയോധിക ദമ്പതികൾ ആസ്പത്രി ജീവനക്കാരുടെയും തൊട്ടടുത്ത രോഗികളുടെ കൂട്ടിരിപ്പുകാരുടെയും സഹായത്തോടെയാണ്‌ ആസ്പത്രിയിൽ പത്ത്‌ ദിവസം കഴിഞ്ഞത്‌.

വീട്ടുമുറ്റത്ത്‌ കാൽവഴുതി വീണ ത്രേസ്യാമ്മയെ (64) വാർഡംഗം കോയാടൻ രാമകൃഷ്‌ണന്റെ നേതൃത്വത്തിലാണ്‌ ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്‌. ശസ്‌ത്രക്രിയയ്‌യ്‌ക്കുശേഷം വാർഡിൽ പ്രവേശിപ്പിച്ച ത്രേസ്യാമ്മയെ പരിചരിക്കാൻ പലതവണ ബന്ധപ്പെട്ടിട്ടും മകനോ ബന്ധുക്കളോ എത്തിയില്ല.

വ്യാഴാഴ്‌ച രാവിലെയാണ്‌ വാർഡംഗവും ഓട്ടോതൊഴിലാളി യൂണിയൻ പ്രവർത്തകരും ചേർന്ന്‌ ആംബുലൻസിൽ ഇരുവരെയും വീട്ടിലെത്തിച്ചത്‌. വയോധിക ദമ്പതികളുടെ പരിചരണം , ഭക്ഷണം എന്നിവയ്‌ക്കുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും വാർഡംഗം കോയാടൻ രാമകൃഷ്‌ണൻ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!