വേനൽ കനത്തു; മലയോരം വരൾച്ചയിലേക്ക്

Share our post

ആലക്കോട് : വേനൽ കനത്തതോടെ മലയോരം വരൾച്ചയിലേക്ക്. പുഴകളിലെ നീരൊഴുക്ക് കുത്തനെ കുറഞ്ഞു. ചിലയിടങ്ങളിൽ നീരൊഴുക്ക് നാമമാത്രമായി. ദിവസങ്ങൾക്കുള്ളിൽ നീരൊഴുക്ക് നിലയ്ക്കുന്ന അവസ്ഥയുണ്ടാകും. മണക്കടവ്, ആലക്കോട്, കരുവഞ്ചാൽ പുഴകളിലെ നീരൊഴുക്കാണു കുത്തനെ കുറഞ്ഞത്. മലയോരമേഖലയിലെ പ്രധാന പുഴകളാണിവ. ഇവയിലെ നീരൊഴുക്കിനെ ആശ്രയിച്ചാണ് മേഖലയിലെ ജലലഭ്യത.

നീരൊഴുക്ക് നിലയ്ക്കുന്നതോടെ കിണറുകളും കുളങ്ങളും വറ്റിത്തുടങ്ങും. അതുകൊണ്ടു തന്നെ പുഴകളിലെ നീരൊഴുക്ക് കുറയുന്നത് നാട്ടുകാരിൽ ഭീതി ജനിപ്പിക്കുന്നു. മലയോരത്ത് നാലു പതിറ്റാണ്ട് മുൻപാണ് പുഴകളിലെ നീരൊഴുക്കിനു വ്യതിയാനം കണ്ടുതുടങ്ങിയത്.

മഴ മാറി ദിവസങ്ങൾക്കുള്ളിൽ നീരൊഴുക്ക് കുത്തനെ കുറയുകയും നിലയ്ക്കുകയും ചെയ്യുന്നു. അതിനുമുൻപ് മഴ മാറി മാസങ്ങൾ കഴിഞ്ഞാണ് നീരൊഴുക്ക് കുറഞ്ഞുതുടങ്ങിയിരുന്നത്. പുഴയോര കയ്യേറ്റമാണ് ഈ ദുരവസ്ഥയ്ക്കു കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കുടിയേറ്റ കാലത്ത് ഈ പുഴകൾ വറ്റാറില്ലായിരുന്നെന്നു പഴമക്കാർ പറയുന്നു. പുഴയോരത്ത് കയ്യാല കെട്ടിയാണു ഭൂമി കയ്യേറുന്നത്. കെട്ടിയ ഭാഗം മണ്ണിട്ടു നികത്തുന്നു. ഇതുമൂലം ഇതിന് അടിയിലുള്ള ഉറവകൾ നശിക്കുന്നു. പുഴകളുടെ ഇരുവശങ്ങളിലും ഇത്തരം ഒട്ടേറെ കയ്യേറ്റങ്ങൾ നടന്നിട്ടുണ്ട്.

ഇതുമൂലം ഒട്ടേറെ ജലസ്രോതസ്സുകൾ ഇല്ലാതായി. നീരൊഴുക്ക് കുറയുന്നതിനു പ്രധാന കാരണം പുഴയോര കയ്യേറ്റമാണെങ്കിലും ഇത് തടയുന്നതിൽ അധികൃതർ നിഷ്ക്രിയത്വം തുടരുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!