നാടാകെ പടരും, മാങ്ങാട്ടിടത്തിന്റെ എരിവും രുചിയും

കൂത്തുപറമ്പ്: എരിവോടെയും വീര്യത്തോടെയും മാങ്ങാട്ടിടത്തെ പാടങ്ങളിൽ വിളഞ്ഞ ചുവപ്പ് നാടാകെ പരക്കും. ‘റെഡ് ചില്ലീസ് മങ്ങാട്ടിടം” ബ്രാൻഡിൽ മാങ്ങാട്ടിടത്തിന്റെ സ്വന്തം മുളകുപൊടികൾ ഈ മാസം അവസാനത്തോടെ വിപണിയിലിറങ്ങും. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്താണ് റെഡ് ചില്ലീസ് പദ്ധതി ആരംഭിച്ചത്.
മാങ്ങാട്ടിടത്ത് കൃഷി ഭവന്റെ സഹായത്തോടെ 73 കർഷകർ വിവിധയിടങ്ങളിലായി 35 ഏക്കറിൽ വറ്റൽ മുളക് കൃഷി ആരംഭിച്ചു. 35 ഏക്കറിലെയും ആദ്യഘട്ട വിളവെടുപ്പ് ആരംഭിച്ചു.
കൂത്തുപറമ്പ് ബ്ലോക്കിന്റെ ചുമതലയിലുണ്ടായിരുന്ന കൃഷി അസി. ഡയറക്ടർ ബിന്ദു കെ മാത്യു കഴിഞ്ഞ സെപ്തംബറിലാണ് റെഡ് ചില്ലീസ് പദ്ധതി വിഭാവനം ചെയ്തത്. ബഹുരാഷ്‌ട്രകമ്പനികൾ വിപണിയിലെത്തിക്കുന്ന കറിപ്പൊടികളിൽ മാരക കീടനാശിനി സാന്നിധ്യമുണ്ടെന്ന് കണ്ടെത്തലാണ് പദ്ധതിക്ക് പ്രേരണയായത്. മാങ്ങാട്ടിടത്ത് കൃഷി ഓഫീസർ എ സൗമ്യയും കൃഷി അസിസ്റ്റന്റുമാരായ ആർ സന്തോഷ് കുമാറും എം വിപിനും ചേർന്ന് കർഷകർക്ക് നൽകിയ പിന്തുണ പദ്ധതിയുടെ വിജയത്തിന് വഴിയൊരുക്കി.
‘സുലഭ’ ക്ലസ്റ്റർ മാത്രം മൂന്നേക്കറിൽ കൃഷി ചെയ്യുന്നുണ്ട്. അർമോർ (ഗുണ്ടൂർ), ‘സർപ്പൻ 92’ (കശ്മീരി മുളക്) എന്നിവയുടെ തൈകളാണ് കൃഷി ചെയ്യുന്നത്. മുളകുകൾ ശേഖരിക്കാനായി കൃഷിഭവന്റെ നേതൃത്വത്തിൽ എഫ്ഐജി അഗ്രി പാർക്ക് മാങ്ങാട്ടിടം പേരിൽ സംഘവും ആരംഭിച്ചിട്ടുണ്ട്. ശേഖരിച്ച മുളകുകൾ 18 മണിക്കൂറോളം ഡ്രയറുകളിൽവച്ച് ഉണക്കിയശേഷം പൊടിക്കും.
ഉണക്കാനായി ശങ്കരനെല്ലൂരിലും കരിയിലും ഡ്രയർ സംവിധാനവുമുണ്ട്. ഇതരസംസ്ഥാനങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വറ്റൽ മുളകുകൾക്ക് വിപണിയിൽ 60 രൂപയാണ്. മാങ്ങാട്ടിടം കൃഷിഭവൻ കർഷകർക്ക് ഒരുകിലോ പഴുത്ത മുളകിന് 80 രൂപയാണ് നൽകുന്നത്. ഒരുകിലോപൊടിക്ക് ആറുകിലോ വറ്റൽ മുളക് വേണം. കീടനാശിനി തളിക്കാത്ത മാങ്ങാട്ടിടത്തിന്റെ തനത് മുളക് പൊടിക്ക് ഒരു കിലോയ്‌ക്ക് 1150 രൂപയാണ് വില. വൈകാതെ മഞ്ഞളും പൊടിയാക്കി വിപണിയിലിറക്കും.
കുടുംബശ്രീ വഴി മാങ്ങാട്ടിടത്തെ മുഴുവൻ വീടുകളിലും അഗ്രി പാർക്ക് വഴി സർക്കാർ ഓഫീസുകളിലും വിതരണം ചെയ്യും.86000 മുളക് തൈകളാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്തത്. മണ്ണ് പാകപ്പെടുത്താനായി കർഷകർക്ക് കുമ്മായം 75 ശതമാനം സബ്‌സിഡിയോടെയും കൃഷി ചെയ്യുന്നവർക്ക് സെന്റിന് 80 രൂപയും ധനസഹായം നൽകി. പഞ്ചായത്തിൽ മുഴുവൻ കൃഷി വ്യാപിപ്പിക്കാനായി മുഴുവൻ വീടുകളിലും 20 തൈകൾ വീതം രണ്ടുലക്ഷം തൈകളും വിതരണം ചെയ്തിരുന്നു.