മാടായിപ്പാറയിൽ വീണ്ടും തീപിടിത്തം

Share our post

പഴയങ്ങാടി:  ജൈവ വൈവിധ്യ കേന്ദ്ര മായ മാടായിപ്പാറയിൽ വീണ്ടും തീപിടിത്തം. ഏക്കർകണക്കിന് പുൽമേടുകളും ജൈവ വൈവിധ്യങ്ങളും കത്തിച്ചാമ്പലായി. വ്യാഴം വൈകിട്ട് 5.30 ഓടെ മാടായിപ്പാറയിലെ കുണ്ടിൽത്തടം ക്രസന്റ് കോളേജ് റോഡിന് സമീപത്തുനിന്നാണ് തീ പിടിച്ചത്.

മിനിറ്റുകൾക്കകം തീ ആളിപ്പടർന്നു. ജൂതക്കുളത്തിന് സമീപത്തും മാടായിപ്പാറയിലെ കോളനിക്ക് സമീപംവരെ തീ പടർന്നത് ജനങ്ങളെ പരിഭ്രാന്തരാക്കി. മാടായിപ്പാറയിൽ സന്ദർശനത്തിനെത്തിയ പഴയങ്ങാടിയിലെ സ്വദേശികൾ തീയണക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണവിധേയമല്ലാതായതോടെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു.

പയ്യന്നൂരിൽനിന്ന് അഗ്നിരക്ഷാ സേനയെത്തി രാത്രി ഏഴോടെയാണ് തീ പൂർണമായും അണച്ചത്.
മാടായിപ്പാറയിൽ സമൂഹവിരുദ്ധർ തീയിടുന്നതാണ് തീപിടുത്തത്തിന് കാരണമെന്ന് ആക്ഷേപമുണ്ട്. വേനൽ കടുത്തതോടെ ആറാം തവണയാണ് മാടായിപ്പാറയിൽ തീപിടിത്തം ഉണ്ടായത്.

നേരത്തെ തെക്കിനാക്കൽ കോട്ട, മാടായി കോളേജിന് മുൻവശം, മാടായി കൊളങ്ങര പള്ളിക്ക് പിറക് വശം, വടുകുന്ദ ശിവക്ഷേത്രത്തിന് സമീപം എന്നിവടങ്ങളിലെല്ലാം തീപിടിത്തം ഉണ്ടായിരുന്നു. മാടായിപ്പാറയിൽ അവശേഷിക്കുന്ന ജൈവ വൈവിധ്യം സംരക്ഷിക്കാൻ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ദേവസ്വം ഇടപെട്ട് മാടായിപ്പാറയിൽ വാച്ചർമാരെ നിയമിക്കണം എന്നും ആവശ്യമുയരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!