പീഡിപ്പിച്ചയാളെ നോക്കി വിചാരണ വേളയിൽ പത്തു വയസുകാരൻ കോടതിയോട് ആവശ്യപ്പെട്ടത് രണ്ടുകാര്യങ്ങൾ, പീഡനത്തിനിരയായത് ഭിന്നശേഷിക്കാരൻ

കൊടുങ്ങല്ലൂർ: ഭിന്നശേഷിക്കാരനായ ബാലനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 33 വർഷം കഠിന തടവും ലക്ഷം രൂപ പിഴയും ശിക്ഷ. കൊടുങ്ങല്ലൂർ പുല്ലൂറ്റ് ഉഴവത്തുകടവ് സ്വദേശി പാറയിൽ സതീശനെയാണ് (55) തൃശൂർ ഒന്നാം അഡീ : ജില്ലാ ജഡ്ജ് പി.എൻ.വിനോദ് ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പോക്‌സോ നിയമപ്രകാരവും ഭിന്ന ശേഷിക്കാർക്കായുള്ള പ്രത്യേക നിയമപ്രകാരവും കഠിന ശിക്ഷ വിധിക്കുകയായിരുന്നു.
2021 ഡിസംബർ 29 നായിരുന്നു സംഭവം. പത്തു വയസുകാരനായ കുഞ്ഞിന്റെ വീട്ടിൽ മാതാപിതാക്കളുണ്ടായിരുന്നില്ല.തറവാട്ട് വീട്ടിലേക്ക് നടന്നുപോയിരുന്ന കുഞ്ഞിനെ റോഡിൽ കണ്ട പ്രതി സ്‌നേഹത്തോടെ വിളിച്ച് ഒരു മതിലിനടുത്തുള്ള കുറ്റിച്ചെടികൾക്കിടയിൽ തടഞ്ഞ് വച്ചാണ് പീഡിപ്പിച്ചത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടി വന്ന പരിസരവാസികളായ സ്ത്രീകൾ സംഭവം നേരിൽ കണ്ട് ബഹളം വച്ചപ്പോൾ പ്രതി അരയിലെ ചേറ്റുകത്തി കാട്ടി ഭീഷണിപ്പെടുത്തി.
അവശനിലയിലായിരുന്ന കുഞ്ഞിനെ ആശുപത്രിയിലാക്കുകയും തുടർന്ന് കൊടുങ്ങല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. വിദഗ്ദ്ധരുടെ സഹായത്തോടെയായിരുന്നു കുത്തിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയത്.കുഞ്ഞിന് ശാരീരിക മാനസിക ബുദ്ധിമുട്ടിനാൽ പല കാര്യങ്ങളും കോടതിയിൽ വിവരിക്കാൻ സാധിക്കാത്ത സാഹചര്യമായിരുന്നു. എന്നാൽ വിചാരണ വേളയിൽ പ്രതിയെ ചൂണ്ടിക്കാട്ടി പരസ്യമായി ഉപദ്രവിച്ചയാളെ കഴുത്ത് ഒടിക്കണമെന്നും കൈ ഒടിക്കണമെന്നും കുഞ്ഞ് കോടതിയോട് ആവശ്യപ്പെട്ടു.
ദൃക്‌സാക്ഷികളുടെ മൊഴിയും കേസിൽ നിർണായകമായി. പ്രതിയുടെ പ്രവൃത്തി അതിക്രൂരമായതിനാലും പ്രതിക്ക് പോക്‌സോ അമെൻഡ്‌മെന്റ് ആക്ട് പ്രകാരം കഠിന ശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: ലിജി മധു കോടതിയിൽ ആവശ്യപ്പെട്ടു. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബ്രിജു കുമാർ, എസ്.ഐ സൂരജ്, എസ്.സി.പി.ഒ വിപിൻ എന്നിവരാണ് കേസ് അന്വേഷിച്ചത്.