കാൽനട യാത്രികന്റെ മരണത്തിനിടയാക്കിയ വാഹനം തിരിച്ചറിഞ്ഞു; ബൈക്ക് യാത്രികൻ അറസ്റ്റിൽ

ശ്രീകണ്ഠപുരം: കാൽനട യാത്രികന്റെ മരണത്തിനിടയാക്കിയ വാഹനം ബൈക്കാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. സംഭവത്തിൽ പയ്യാവൂർ തിരൂരിലെ ആക്കാംപറമ്പിൽ സജിലൻ ജോസ്(49) നെ ശ്രീകണ്ഠപുരം പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഒമ്പതിന് രാത്രി സംസ്ഥാന പാതയിൽ പരിപ്പായി പെട്രോൾ പമ്പിനു സമീപം വെച്ച് കാൽനട യാത്രികനായ പരിപ്പായിലെ പഴയപുരയിൽ ശ്രീധരൻ (61) അജ്ഞാത വണ്ടിയിടിച്ച് മരിച്ചിരുന്നു.
വണ്ടി നിർത്താതെ പോയതിനാൽ കണ്ടെത്താനായി പൊലീസ് സി.സി.ടി.വി പരിശോധിക്കുകയായിരുന്നു. തുടർന്നാണ് സജിലൻ എന്ന വ്യക്തി ഓടിച്ച ബൈക്കാണ് അപകടമുണ്ടാക്കിയതെന്ന് വ്യക്തമായി. എന്നാൽ, ബൈക്കിടിച്ച് വീണ ശ്രീധരനെ ആസ്പത്രിയിലെത്തിക്കാനും പൊലീസിൽ വിവരം നൽകാനും സജിലനും ഉണ്ടായിരുന്നെങ്കിലും ഭയം കാരണം തന്റെ വണ്ടിയാണ് ഇടിച്ചതെന്ന കാര്യം മാത്രം പറഞ്ഞിരുന്നില്ല. ഇതാണ് കാമറ പരിശോധനയിലേക്ക് നയിച്ചത്.