പരിയാരം ഗവ. മെഡിക്കൽ കോളജ്: സർക്കാർ ജീവനക്കാരാക്കുന്ന നടപടികൾ രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കണം: മുഖ്യമന്ത്രി

പരിയാരം: ഗവ. മെഡിക്കൽ കോളജിലെ ജീവനക്കാരെ സർക്കാർ ജീവനക്കാരാക്കുന്ന നടപടികൾ രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. മെഡിക്കൽ കോളജിന്റെ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാനും ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി നിർേദശം നൽകി. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, വീണാ ജോർജ് എന്നിവരും ഉന്നത ഉദ്യോഗസ്ഥരും ഓൺലൈൻ ആയി നടന്ന യോഗത്തിൽ പങ്കെടുത്തു.
ജപ്പാൻ ശുദ്ധജലപദ്ധതിയിൽ നിന്നുള്ള ശുദ്ധജലമെത്തുന്നതോടെ, മെഡിക്കൽ കോളജിലെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കപ്പെടുമെന്നും പൈപ്പിടുന്നതിനായി 35 ലക്ഷം രൂപ വാട്ടർ അതോറിറ്റിയിൽ അടച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. സർക്കാർ നിയമനം സംബന്ധിച്ച്, ഇതുവരെ ഓപ്ഷൻ നൽകാത്ത ജീവനക്കാരുടെ വിവരങ്ങൾ ഒരാഴ്ചയ്ക്കകം നൽകണം.
ജീവനക്കാർക്കു ശമ്പളം നൽകുന്നതിൽ കൃത്യതയുണ്ടാകണം. മറ്റു മെഡിക്കൽ കോളജുകളിലേക്കു സ്ഥലം മാറ്റം വേണ്ടെന്ന ഓപ്ഷൻ നൽകിയവരുടെ കാര്യത്തിൽ രണ്ടാഴ്ചയക്കകം തീരുമാനമെടുക്കണം. കരാർ ജീവനക്കാരുടെ ജോലി സ്ഥിരത ഉറപ്പുവരുത്താൻ മിനിമം വേതനം നൽകുന്നതിനുള്ള നിർദേശത്തിലും അടിയന്തരമായി തീരുമാനമെടുക്കണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു.
168 കോടി രൂപ ചെലവഴിച്ചു നിർമിക്കുന്ന, 5 നിലകളിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ട്രോമ കെയർ കെട്ടിടത്തിന്റെ ടെൻഡർ നടപടി ഉടൻ തുടങ്ങും. സൂപ്പർ സ്പെഷൽറ്റി വിഭാഗങ്ങളിലടക്കം ഡോക്ടർമാരുടെ കുറവ് അടിയന്തരമായി നികത്തും. ചികിത്സാ ഉപകരണങ്ങൾ മാറ്റി സ്ഥാപിക്കാനും നടപടിയെടുക്കും.
പിജി സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനുള്ള നിർദേശവും യോഗം ചർച്ച ചെയ്തു. നിലവിൽ 30 പിജി സീറ്റുകളാണു പരിയാരത്തുള്ളത്. പിജി സീറ്റുകൾ വർധിപ്പിക്കുന്നത്, ഡോക്ടർമാരുടെ കുറവു പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിജി ഹോസ്റ്റൽ, പാരാമെഡിക്കൽ വിദ്യാർഥികൾക്കുള്ള ഹോസ്റ്റൽ, ഫൊറൻസിക് മെഡിസിൻ വിഭാഗത്തിനു മേൽക്കൂര പണിയൽ എന്നിവയ്ക്കു നിർമാണം പൂർത്തീകരിക്കുന്ന മുറയ്ക്കു പണം അനുവദിക്കും.
മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ അറ്റകുറ്റപ്പണിക്ക് ഒരാഴ്ചയ്ക്കകം ഏജൻസിയെ നിയോഗിക്കും. ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.ആശാ തോമസ്, ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് കൗൾ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.എസ്.പ്രതാപ്, സൂപ്രണ്ട് ഡോ.കെ.സുദീപ് എന്നിവരും മെഡിക്കൽ, ധനകാര്യ വകുപ്പ്, മെഡിക്കൽ കോളജ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
സർക്കാർ ഏറ്റെടുത്ത ശേഷം 1551 തസ്തികകളാണു മെഡിക്കൽ കോളജിൽ അനുവദിച്ചത്. അധ്യാപകരും നഴ്സുമാരും അടക്കം 668 പേരെയും 148 ഡോക്ടർമാരെയും സർക്കാർ സർവീസിൽ ഉൾപ്പെടുത്തുന്ന നടപടി പൂർത്തിയായി. അതേസമയം, കാർഡിയോളജി, ഡെന്റൽ വിഭാഗങ്ങളിലെ ഡോക്ടർമാരടക്കം 736 ജീവനക്കാരെ സർക്കാർ സർവീസിലെടുക്കുന്ന നടപടി പൂർത്തിയായിട്ടില്ല.