സൗന്ദര്യ വർദ്ധക വസ്‌തുക്കളുടെ പ്രമുഖ കച്ചവടക്കാരനായ മഞ്ചേരി മജീദ് പിടിയിൽ, ഹോസ്റ്റലുകളിൽ താമസിക്കുന്ന യുവതി യുവാക്കളായിരുന്നു ഇരകൾ

കൊച്ചി: സൗന്ദര്യ വർദ്ധക വസ്തുക്കളുടെ മറവിൽ എം. ഡി. എം .എ വില്പന നടത്തിയിരുന്നയാൾ എക്‌സൈസ് പിടിയിൽ. മലപ്പുറം സ്വദേശി റാഷിദ് ഏനാത്ത് (34) ആണ് എറണാകുളം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായത്. ഇയാൾ മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ചിരുന്ന സ്വിഫ്റ്റ് കാർ, ഇടപാട് നടത്തുവാൻ ഉപയോഗിച്ചിരുന്ന രണ്ട് ഐ ഫോണുകൾ എന്നിവയും എക്‌സൈസ് കസ്റ്റഡിയിൽ എടുത്തു.
ഉപഭോക്താക്കൾക്കിടയിൽ ‘മഞ്ചേരി മജീദ് ‘ എന്ന രഹസ്യ കോഡിലായിരുന്നു ഇയാൾ അറിയപ്പെട്ടിരുന്നത്. ഓർഡർ അനുസരിച്ച് വിദേശ സൗന്ദര്യ വർദ്ധക വസ്തുക്കൾ എത്തിച്ച് നൽകുന്നതിന്റെ മറവിൽ ഇയാൾ മയക്ക് മരുന്ന് വിതരണം ചെയ്ത് വരുകയായിരുന്നു. ഇയാളുടെ പക്കൽ നിന്നും ഇയാൾ സഞ്ചരിച്ചിരുന്ന കാറിൽ നിന്നുമായി 9 ഗ്രാം എം .ഡി .എം. എ പിടിച്ചെടുത്തു.
പ്രധാനമായും ഹോസ്റ്റലുകളിൽ താമസിക്കുന്ന യുവതി യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു ലഹരി വിൽപ്പന നടത്തിയിരുന്നത്. പ്രതി തന്റെ ഇടപാടുകാരായ യുവതീ യുവാക്കളുടെ കൂടെ ബാംഗ്ലൂർ, മൈസൂർ, ഊട്ടി എന്നിവിടങ്ങളിൽ പോയി വൻതോതിൽ മയക്കുമരുന്ന് കേരളത്തിലേക്ക് കടത്താറുണ്ടായിരുന്നുവെന്ന് മനസ്സിലായിട്ടുണ്ട്.
മലപ്പുറത്ത് നിന്ന് മയക്ക് മരുന്നുമായി കൊച്ചിയിലേക്ക് വന്ന റാഷിദിന്റെ കാർ എക്‌സൈസ് സംഘം പിന്തുടർന്ന് കലൂർ സ്റ്റേഡിയം ഭാഗത്ത് വച്ച് വളഞ്ഞ് പിടികൂടുകയായിരുന്നു.നിരവധി പേർ ഇയാളിൽ നിന്ന് മയക്ക്മരുന്ന് വാങ്ങി ഉപയോഗിച്ചിട്ടുള്ളതായാണ് സൂചന. ഇയാളുടെ കെണിയിൽ അകപ്പെട്ട് പോയ യുവതി യുവാക്കളെ കണ്ടെത്തി എറണാകുളം കച്ചേരിപ്പടി, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു വരുന്ന എക്‌സൈസിന്റെ സൗജന്യ ലഹരി വിമുക്ത ചികിൽസാ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
സർക്കിൾ ഇൻസ്‌പെക്ടർ സജീവ് എസ് , പ്രിവന്റീവ് ഓഫീസർ സത്യനാരായണൻ , മനോജ് എൻ.എ, ഇന്റലിജൻസ് പി ഒ അജിത് കുമാർ , സിറ്റി മെട്രോ ഷാഡോയിലെ സി ഇ ഒ എൻ.ഡി. ടോമി, സ്‌പെഷ്യൽ സ്‌ക്വാഡ് സി ഇ ഒ മാരായ അനസ് എൻ.യു, ശരത് മോൻ പി.എസ്, ജെയിംസ്, പി.ജെ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.