പേരാവൂർ: മലയോരമേഖലയുടെ പ്രധാന കുടിവെള്ള സ്രോതസ്സായ ബാവലിപ്പുഴയെയും കൈവഴികളെയും തോടുകളെയും സംരക്ഷിക്കുന്ന ജലാഞ്ജലി നീരുറവ പദ്ധതി രാജ്യാന്തരശ്രദ്ധ നേടുന്നു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹരിതകേരള മിഷനുമായും തൊഴിലുറപ്പ് മിഷനുമായും ചേർന്ന് ഏഴ് പഞ്ചായത്തുകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പശ്ചിമഘട്ടത്തിൽനിന്നും വയനാടൻ കുന്നുകളിൽനിന്നും ഒഴുകിയെത്തുന്ന ജലം ഒന്നരലക്ഷത്തോളം വരുന്ന കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സാണ്. വേനലിൽ വറ്റിവരളുന്ന ബാവലിപ്പുഴ ഇവർക്ക് എന്നും ദുരിതമാണ്.
ബാവലിപ്പുഴയെയും അതിനോട് ചേർന്ന് ഒഴുകുന്ന ചീങ്കണ്ണിപ്പുഴയുടെയും കാഞ്ഞിരപ്പുഴയുടെയും ചെറുതും വലുതുമായ കൈത്തോടുകളുടെയും അരുവികളുടെയും സംരക്ഷണം ഉറപ്പുവരുത്തി ഈ നീർത്തട പ്രദേശങ്ങളിൽ പരിസ്ഥിതി സൗഹൃദ വികസന പ്രവർത്തനങ്ങൾ ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഓരോ നീർത്തട പ്രദേശത്തെയും അമ്പത് വീടുകൾ ചേർന്ന് അയൽക്കൂട്ടം സഭകൾ രൂപീകരിച്ചു. ജനങ്ങളെയാകെ അണിചേർത്ത് നീർത്തട വൃഷ്ടി പ്രദേശത്ത് ‘ട്രാൻസറ്റ് വാക്ക്’, നീർത്തട ഗ്രാമസഭ എന്നിവ നടത്തി പദ്ധതികൾ ആസൂത്രണം ചെയ്യും. ജലസംരക്ഷണത്തിന് ഊന്നൽ നൽകി തൊഴിലുറപ്പ് പദ്ധതിയിൽ താൽക്കാലിക തടയണ, കുളങ്ങൾ, കിണറുകൾ, കിണർ റീ ചാർജിങ്, കയർ ഭൂ വസ്ത്രംകൊണ്ടുള്ള തോട് സംരക്ഷണഭിത്തികൾ ഉൾപ്പെടെ നിർമിക്കും.
കൊട്ടിയൂർ 15, കേളകം 9, കണിച്ചാർ 7, പേരാവൂർ 6, കോളയാട് 16, മുഴക്കുന്ന് 6, മാലൂർ 11 എന്നിങ്ങനെ 70 നീർത്തടങ്ങളാണ് പേരാവൂർ ബ്ലോക്കിലെ ഏഴു പഞ്ചായത്തുകളിലായുള്ളത്. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ “ജലാഞ്ജലി നീരുറവ് ’ പദ്ധതിയിൽ 106 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തും.
പദ്ധതി വിജയമായതോടെ സംസ്ഥാനത്തെ 151 ബ്ലോക്ക് പഞ്ചായത്തുകളിലെ 934 പഞ്ചായത്തുകളിൽകൂടി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു.
പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ
ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് വസ്തുക്കൾ ഒഴിവാക്കിയുള്ള പ്രവർത്തനങ്ങളിൽ ജില്ല മുന്നിലാണ്. വിവാഹം, ഉത്സവം, വിശേഷ ദിവസങ്ങൾ എന്നിവയിലെല്ലാം പ്ലാസ്റ്റിക്കിനെ മാറ്റിനിർത്തി. ശുചിത്വമിഷൻ, കുടുംബശ്രീ മിഷൻ, മലിനീകരണനിയന്ത്രണ ബോർഡ് എന്നിവയും തദ്ദേശ സ്ഥാപനങ്ങൾക്കൊപ്പം സജീവമായുണ്ട്.
മാലിന്യ ശേഖരണം
ഡിജിറ്റലായി
ഹരിതകർമ സേന വീടുകളിലെത്തി മാലിന്യം ശേഖരിക്കുന്നത് പൂർണമായും ഡിജിറ്റൽ മാർഗത്തിലായി. സ്മാർട്ട് ഗാർബേജ് ആപ്പ് പദ്ധതി പ്രവർത്തനങ്ങൾ ആരംഭിച്ചു. 31 പഞ്ചായത്തുകളും രണ്ട് നഗരസഭകളും ഇതിനകം ഡിജിറ്റലായി.
ഹരിത സമൃദ്ധി
വാർഡുകൾ
ഒരു വാർഡിൽ എല്ലാ വീടുകളിലും കൃഷി, ശുചിത്വം, ജലസംരക്ഷണം, ആരോഗ്യ പരിപാലനം, ഊർജ സംരക്ഷണം തുടങ്ങിയ മേഖലകളിലെ പദ്ധതികൾ വീട്ടുകാരുടെയും സാമൂഹ്യ – സന്നദ്ധ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ നടത്തി ലക്ഷ്യം കാണുന്ന പ്രവർത്തനമാണ് ഹരിത സമൃദ്ധി. ജില്ലയിൽ 28 തദ്ദേശ സ്ഥാപനങ്ങളിൽ ഹരിത സമൃദ്ധി വാർഡ് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ജലഗുണ പരിശോധനാ
ലാബുകൾ 27 സ്കൂളുകളിൽ
ഉപയോഗിക്കുന്ന ജലത്തിന്റെ ഗുണങ്ങളെ കുറിച്ച് അറിയാനായി ജില്ലയിൽ 27 സ്‌കൂളുകളിൽ ലാബ് സജ്ജമാക്കി.
പാനൂർ ബ്ലോക്കിന്റെ ‘നനവ്’
പാനൂർ ബ്ലോക്ക് പഞ്ചായത്ത് ജലസംരക്ഷണ മേഖലയിൽ ഏറ്റെടുത്തു നടപ്പാക്കുന്ന മാതൃകാ യജ്ഞമാണ് നനവ്. ജല സംരക്ഷണവും ജലസാക്ഷരതയും മുൻനിർത്തി സംസ്ഥാനത്ത് ആദ്യമായി തോടുസഭകൾ ചേർന്നു.
പച്ചപ്പ് നിറയ്ക്കാൻ
പച്ചത്തുരുത്തുകൾ
പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് ജില്ലയിൽ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ 84.05 ഏക്കർ ഭൂമിയിൽ 105 പച്ചത്തുരുത്തുകൾ നട്ടുവളർത്തി. ദേവഹരിതം പദ്ധതിയിൽ 30 ദേവാലയ പച്ചത്തുരുത്തുകളും നട്ടുവളർത്തിയിട്ടുണ്ട്.
ഉദയഗിരി, കുറുമാത്തൂർ, ചെറുകുന്ന്, പായം, കുറ്റ്യാട്ടൂർ, കരിവെള്ളൂർ–- പെരളം, കണ്ണപുരം ,മുഴക്കുന്ന് പഞ്ചായത്തുകളിൽ കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. മട്ടന്നൂർ മണ്ഡലത്തെയാകെ കാർബൺ ന്യൂട്രലാക്കാനുള്ള പ്രവർത്തനവും ആരംഭിച്ചു.
ട്രീ മ്യൂസിയം
കണ്ണൂർ സെൻട്രൽ ജയിലിലെ ട്രീ മ്യൂസിയം പച്ചത്തുരുത്ത് വംശനാശം നേരിടുന്ന വിവിധ വൃക്ഷങ്ങളുടെ വളർത്തുകേന്ദ്രമാണ്.