ശ്രീകണ്ഠപുരം: പുളി കൂടിയ മോര് എന്തിന് കൊള്ളാം, ഉപേക്ഷിക്കേണ്ടി വരും. എന്നാൽ ഇനി മോര് അധികമങ്ങ് പുളിക്കില്ല. അതിന് കാരണം രാജന്റെ കണ്ടെത്തലാണ്.
മികച്ച തേനീച്ച കർഷകനും നിരവധി വേറിട്ട കണ്ടെത്തലുകൾ നടത്തുകയും ചെയ്ത പടിയൂർ കല്ലുവയലിലെ പാരിക്കൽ രാജൻ (55)നാണ് പുതിയ പരീക്ഷണത്തിലൂടെ മോരിലെ അമിത പുളിയെ തടയാൻ തീരുമാനിച്ചത്. മോരിലെ പുളി വർധിപ്പിക്കുന്ന ബാക്ടീരിയകളെ നിയന്ത്രിക്കുന്ന ജൈവസാങ്കേതിക വിദ്യയാണ് രാജൻ ഇതിനായി വികസിപ്പിച്ചെടുത്തിട്ടുള്ളത്. പുതിയ രീതിയനുസരിച്ച് മോര് കുടുതൽ പുളിച്ച് കേടാവുന്നത് തടയാനാവും. കൂടാതെ മോര് കൂടുതൽ ദിവസങ്ങളോളം കേടുകൂടാതെ ഉപയോഗിക്കാനും കഴിയും.
പേറ്റൻറിന് നൽകേണ്ടതിനാൽ ചേരുവകളും മറ്റും വെളിപ്പെടുത്തുന്നതല്ല. തന്റെ പുതിയ കണ്ടെത്തൽ ക്ഷീരമേഖലയിലെ വലിയ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നും കർഷക പ്രതീക്ഷ വർധിപ്പിക്കുമെന്നും രാജൻ പറയുന്നു. 39 വർഷമായി തേനീച്ച കൃഷി നടത്തുന്ന രാജൻ വേറിട്ട പരീക്ഷണവും കണ്ടെത്തലുമാണ് ഇതിനോടകം നടത്തിയിട്ടുള്ളത്.
1992 ൽ സംസ്ഥാനത്താകെ തായ് സാഖ് ബ്രൂഡ് എന്ന വൈറസ് രോഗം ബാധിച്ച് തേനീച്ചകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയപ്പോൾ കർഷകർ കടക്കെണിയിലും കണ്ണീരിലുമായി. അന്ന് രോഗം ബാധിച്ച കോളനിയിൽ നിന്ന് പുഴുമൊട്ടുകൾ ശേഖരിച്ച് രോഗപ്രതിരോധശേഷിയുള്ള തേനീച്ച കോളനികൾ വികസിപ്പിച്ചെടുത്തു കൊണ്ടാണ് രാജൻ കണ്ടെത്തലിൽ വിപ്ലവം തീർത്തത്. രാജന്റെ കണ്ടെത്തൽ പിന്നീട് തേനീച്ച കർഷകരുടെയെല്ലാം രക്ഷക്കാണ് വഴിയൊരുക്കിയത്.
കൃഷി വകുപ്പിന്റെയും മറ്റും അംഗീകാരം രാജനെ തേടിയെത്തി. ഇന്ത്യൻ – ഇറ്റാലിയൻ തേനീച്ചകളെ ക്രോസ് ബ്രീഡിങ് നടത്തി മികച്ച പുതിയ ഇനം തേനീച്ച കോളനി സൃഷ്ടിച്ചതും രാജനെ അംഗീകാരത്തിലേക്ക് നയിച്ചു. തേൻ മെഴുകിൽ നിന്ന് ഈ കർഷക ശാസ്ത്രജ്ഞൻ കണ്ടെത്തിയ ഔഷധം ഇന്ന് ഒട്ടേറെ അസുഖങ്ങൾക്ക് മരുന്നാണ്. ഇതിനും അംഗീകാരം തേടിയെത്തിയതോടെ മറ്റ് നിരവധി ഉൽപന്നങ്ങളും തേനിൽ നിന്നും മെഴുകിൽ നിന്നും പിറവിയെടുത്തു.
ഗുണമേൻമയുള്ള തേനും തേനുൽപന്നങ്ങളും തേടി ഈ കർഷകന്റെ വീട്ടിലേക്ക് നിത്യേന നിരവധി പേർ എത്തുന്നുണ്ട്. പേറ്റൻറ് സ്വന്തമാക്കുന്നതോടെ മോരിലെ പുളി നിയന്ത്രിക്കുന്ന ഉൽപന്നവും ഇതുപയോഗിച്ചുള്ള മോരും വിണിയിലിറക്കും. രാജനും ഭാര്യ പ്രീതയും മക്കളായ അനന്ദ് രാജും നന്ദന രാജും ചേർന്ന് കല്ലുവയലിലെ ചെറിയ വീട്ടിൽ നിന്ന് തേൻ വിപ്ലവത്തോടൊപ്പം പുതിയ കണ്ടെത്തലും സൃഷ്ടിക്കുകയാണ്.