ആഘോഷമായ കപ്പ വാട്ടൽ, പള്ളി അങ്കണത്തിൽ!
        ചെറുപുഴ: മലയോര മേഖലയിൽ നിന്നു അന്യമായി കൊണ്ടിരിക്കുന്ന കപ്പവാട്ടൽ പള്ളി അങ്കണത്തിൽ ആഘോഷമായി നടന്നു. ചെറുപുഴ സെന്റ് മേരീസ് ഫൊറോന പള്ളി അങ്കണത്തിൽ ഇന്നലെ രാവിലെയാണു ആഘോഷമായി കപ്പവാട്ടൽ നടന്നത്.
പള്ളി കൈക്കാരൻമാരുടെയും മാതൃവേദി അംഗങ്ങളുടെയും നേതൃത്വത്തിലാണു പള്ളിയിലെ ആവശ്യത്തിനുള്ള കപ്പ വാട്ടിയത്.
കപ്പ നടാൻ കൂടം കൂട്ടുന്നത് മുതൽ കപ്പ വാട്ടുന്നതു വരെയുള്ള എല്ലാ ജോലികളും ക്കൈക്കാരൻമാരും മാതൃവേദി അംഗങ്ങളും ചേർന്നാണു നടത്തുന്നത്. അത്യാവശ്യം വന്നാൽ പള്ളിയിൽ സ്ഥിരമായി ജോലി ചെയ്യുന്ന ആളിന്റെ സഹായം തേടും.പള്ളിപ്പറമ്പിൽ ഇടവിളയായിട്ടാണു കപ്പ, ചേമ്പ് തുടങ്ങിയവ കൃഷി ചെയ്യുന്നത്. ഇന്നലെ രാവിലെയാണു ഇടവിളകൃഷിയുടെ വിളവെടുപ്പ് നടത്തിയത്.
നല്ല വിളവ് ലഭിച്ചതായി പള്ളി ഭാരവാഹികൾ പറഞ്ഞു. കപ്പയും ചേമ്പും വിളവെടുപ്പ് നടത്തി പള്ളി അങ്കണത്തിൽ എത്തിച്ച ഉടൻ തന്നെ കപ്പവാട്ടൽ ആരംഭിച്ചു. കോവിഡ് കാലത്തു കപ്പകൃഷി വ്യാപകമായതോടെ വില കുത്തനെ ഇടിഞ്ഞു. ഇതോടെ കപ്പകൃഷിയിൽ നിന്നു പലരും പിൻമാറുകയും ചെയ്തു. ഈ വർഷം ഉൽപാദനം കുറയുകയും വില കുത്തനെ ഉയരുകയും ചെയ്തു.
ഇപ്പോൾ ഒരു കിലോ പച്ച കപ്പയ്ക്ക് 35 രൂപയും, വാട്ടുകപ്പയ്ക്ക് 100 രൂപയുമാണു വിപണിയിലെ വില. കുടിയേറ്റ കാലത്തു കപ്പവാട്ടൽ നാട്ടിൽ ഉത്സവമായിരുന്നു. അയൽവാസികൾ പരസ്പരം സഹായിച്ചാണു കപ്പ വാട്ടിയിരുന്നത്.
എന്നാൽ കാലക്രമേണ കർഷകർ റബർ, തെങ്ങ്, കമുക്, കുരുമുളക് തുടങ്ങിയ നാണ്യവിള കൃഷികളിലേക്ക് വഴി മാറിയതോടെ മലയോരത്ത് നിന്നു കപ്പകൃഷി തുടച്ചു നീക്കപ്പെടുകയായിരുന്നു. എങ്കിലും ഇന്നും ചിലയിടങ്ങളിൽ കപ്പ വാട്ടൽ ആഘോഷമായി നടക്കുന്നുണ്ട്.
