ഹജ്ജ് എംബാർക്കേഷൻ പോയിന്റ്: കണ്ണൂരിൽ മികച്ച സൗകര്യമൊരുക്കും-മന്ത്രി

കണ്ണൂർ :ഹജ്ജ് എംബാർക്കേഷൻ പോയിന്റിൽ പരമാവധി യാത്രക്കാരെ കൊണ്ടുപോകാൻ കഴിയും വിധം സൗകര്യങ്ങൾ ഒരുക്കുമെന്ന് ഹജ്ജിന്റെ ചുമതലയുള്ള മന്ത്രി വി .അബ്ദുറഹിമാൻ പറഞ്ഞു.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതുതായി അനുവദിച്ച ഹജ്ജ് എംബാർക്കേഷൻ പോയിന്റിനായി സൗകര്യങ്ങൾ ഒരുക്കുന്നത് സംബന്ധിച്ച് വിലയിരുത്താൻ വിമാനത്താവളത്തിൽ എത്തിയതായിരുന്നു മന്ത്രി.
ഇതുസംബന്ധിച്ച് ആദ്യ യോഗം മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നു. കണ്ണൂർ മേഖലയിൽ നിന്നുള്ള പരമാവധി ഹജ്ജ് യാത്രക്കാരെ ഇവിടേക്ക് ആകർഷിക്കാൻ കഴിയുന്ന വിധം ആവശ്യമായ മികച്ച സൗകര്യങ്ങൾ ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇതിനായി സംസ്ഥാന ബജറ്റിൽ ഒരു കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
യോഗത്തിൽ കെ .കെ ശൈലജ ടീച്ചർ എം.എൽ.എ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ .ഷാജിത്, എഡി.എം .കെ .കെ ദിവാകരൻ, ജില്ലാ തല ഉദ്യോഗസ്ഥർ, വിമാനത്താവള അധികൃതർ തുടങ്ങിയവർ പങ്കൈടുത്തു.