കോയമ്പത്തൂർ സ്‌ഫോടനം; എറണാകുളത്ത് മൂന്നിടങ്ങളിൽ എൻ .ഐ .എ റെയ്‌ഡ്, തമിഴ്‌നാട്ടിലും കർണാടകയിലും പരിശോധന

തിരുവനന്തപുരം: കോയമ്പത്തൂർ (ഉക്കടം) കാർ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ എൻ ഐ എ റെയ്‌ഡ്. കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ ഇന്ന് പുലർച്ചെ മുതൽ റെയ്‌ഡ് ആരംഭിച്ചിരിക്കുകയാണ്. കേരളത്തിൽ എറണാകുളം ആലുവയിലും പറവൂരും മട്ടാഞ്ചേരിയിലും എൻ ഐ എ സംഘമെത്തി. ആകെ 60 ഇടങ്ങളിലായാണ് റെയ്‌ഡ് നടക്കുന്നത്.
കർണാടകയിൽ മാത്രം 45 സ്ഥലങ്ങളിൽ റെയ്‌ഡ് നടക്കുന്നതായാണ് റിപ്പോർട്ട്.ഐസിസുമായി ബന്ധം പുലർത്തിയെന്ന് സൂചന കിട്ടിയവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്‌ഡ് നടക്കുന്നത്. സ്ഫോടനക്കേസ് പ്രതിയെത്തിയ ഇടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷാ മുബിന്റെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്‌ഡ് നടക്കുന്നത്.ജമേഷ മുബിൻ ഭാര്യയെ തെറ്റിദ്ധരിപ്പിച്ചാണ് വീട്ടിൽ സ്‌ഫോടക വസ്തുക്കൾ ശേഖരിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
പെട്ടികളിൽ പഴയ തുണികളാണെന്നാണ് ഇയാൾ ബധിരയും മൂകയുമായ ഭാര്യ നസ്രത്തിനെ ധരിപ്പിച്ചിരുന്നത്. ഐസിസ് പതാകയോട് സാമ്യമുള്ള ചിഹ്നം ആലേഖനം ചെയ്ത സ്ലേറ്റും അറബിയിലും തമിഴിലുമുള്ള തീവ്ര മത പ്രബോധനങ്ങളും പുസ്തകങ്ങളും വായിച്ച് തയ്യാറാക്കിയ കുറിപ്പുകളും ഇയാളുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.ജമേഷ മുബിന്റെ വീട്ടിൽ സിറ്റി പൊലീസ് നടത്തിയ റെയ്ഡിൽ ഐസിസ് പ്രചാരണ വീഡിയോകളടങ്ങിയ പെൻഡ്രൈവ് പിടിച്ചെടുത്തിരുന്നു.
ഇയാളുടെ കഴിഞ്ഞ നാല് വർഷത്തെ നീക്കങ്ങളും ബന്ധങ്ങളും പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.ഐസിസ് ആശയങ്ങൾ പ്രചരിപ്പിക്കാനും ആളുകളെ റിക്രൂട്ട് ചെയ്യാനും ശ്രമിക്കുന്നുവെന്നും കേരളത്തിലും തമിഴ്നാട്ടിലും ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടെന്നുമുള്ള സംശയത്തെ തുടർന്ന് 2019ൽ ഇയാളെ എൻ ഐ എ ചോദ്യം ചെയ്തിട്ടുണ്ട്.കഴിഞ്ഞവർഷം ഒക്‌ടോബർ 23ന് പുലർച്ചെ അഞ്ചോടെ കോയമ്പത്തൂർ ടൗൺഹാളിന് സമീപം കോട്ടൈ ഈശ്വരൻ കോവിലിന് മുന്നിൽ കാറിലാണ് സ്ഫോടനമുണ്ടായത്.
കാറിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറെന്ന് കരുതുന്ന രണ്ടെണ്ണത്തിൽ ഒന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. കാർ രണ്ടായി പിളർന്നു. കാറിൽനിന്ന് ആണികളും കണ്ടെത്തിയിരുന്നു.ജമീഷയുടെ വീട്ടിൽ നിന്ന് ഗ്യാസ് സിലിണ്ടർ പോലുള്ള വസ്തു കാറിലേക്ക് കയറ്റുന്നതിന്റെ സി.സി ടിവി ദൃശ്യം സംഭവത്തിന് പിന്നാലെ പുറത്തുവന്നിരുന്നു. ജമീഷയുടെ വീട്ടിൽ നടന്ന പരിശോധനയിൽ ചില നിർണായക രേഖകൾ കണ്ടെത്തി.
ഇതിൽ നഗരത്തിലെ ചില ക്ഷേത്രങ്ങളുടെ പേരുവിവരങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ ഉണ്ടായിരുന്നു. ജമീഷയുടെ വീട്ടിൽ നിന്ന് 75 കിലോയോളം വരുന്ന, സ്ഫോടനങ്ങൾക്ക് ഉപയോഗിക്കുന്ന രാസചേരുവകൾ കണ്ടെത്തിയിരുന്നു. പൊട്ടാസ്യം നൈട്രേറ്റ്, അലുമിനിയം പൗഡർ തുടങ്ങിയവയും പൊലീസ് കണ്ടെത്തി.