വെട്ടിച്ച ബൈക്ക് ഓട്ടോയിലിടിച്ചു, നിയന്ത്രണം വിട്ട ഓട്ടോ ബസിലും; ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍: ബൈക്കിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ ബസിലിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. വാടാനപ്പള്ളി ചിലങ്ക പടിഞ്ഞാറ് അണ്ടാറത്തറ സലീമാണ്(36) മരിച്ചത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്കും പരിക്കേറ്റു. സംസ്ഥാന പാതയില്‍ കാഞ്ഞാണി പെരുമ്പുഴ പാടത്ത് രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
ബൈക്കില്‍ അമിത വേഗത്തിലെത്തിയ യുവാവാണ് അപകടത്തിന് വഴിവച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു. അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികരായ കണ്ടശ്ശാംകടവ് സ്വദേശികളായ യുവാവിനെയും യുവതിയെയും ജില്ലാ ആസ്പത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. ബൈക്ക് ഒരു കാറിനെ മറികടക്കുന്നതിനിടെ എതിരെ വന്നിരുന്ന തൃപ്രയാര്‍ -തൃശ്ശൂര്‍ റൂട്ടിലോടുന്ന കാര്‍ലോസ് എന്ന ബസ്സില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു. തുടര്‍ന്ന് ബൈക്ക് മുന്നില്‍ പോയിരുന്ന ഓട്ടോയിലിടിക്കുകയും ഓട്ടോ നിയന്ത്രണംവിട്ട് ബസില്‍ ഇടിക്കുകയുമായിരുന്നു.
അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറെ അതുവഴിയെത്തിയ മറ്റുവാഹനത്തില്‍ തൃശ്ശൂരിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ടി.കെ. ജയകുമാര്‍, അരുണ്‍ മോഹന്‍, ഷെബിന്‍, ബൈജു, വിപിന്‍, എന്നിവരുടെ നേതൃത്വത്തില്‍ നാട്ടിക അഗ്നിരക്ഷാസേന സ്ഥലത്തെത്തി റോഡിലെ രക്തവുംമറ്റും വെള്ളം ഉപയോഗിച്ച് വൃത്തിയാക്കി. അപകടത്തെ തുടര്‍ന്ന് സംസഥാന പാതയില്‍ അര മണിക്കൂറിലധികം ഗതാഗതം മുടങ്ങി. അന്തിക്കാട് എസ്.എച്ച്.ഒ. പി.കെ.ദാസ്, എസ്.ഐ. പി.കെ. പ്രദീപ് ,എ.എസ്.ഐ. അസീസ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. സഫീനയാണ് സലീമിന്റെ ഭാര്യ. രണ്ട് മാസം പ്രായമുള്ള മകനടക്കം രണ്ട് മക്കളുണ്ട്.