100 രൂപ കൂലി കൂട്ടി ചോദിച്ചതിന് ആദിവാസി മധ്യവയസ്കന് മർദനം; പോലീസ് കേസെടുത്തു

കൽപറ്റ: വയനാട്ടിൽ കൂലി കൂട്ടി ചോദിച്ചതിന് ആദിവാസി മധ്യവയസ്കനെ മർദിച്ച സംഭവത്തിൽ സ്ഥലം ഉടമയ്ക്കെതിരേ കേസെടുത്തു. മഞ്ഞപ്പാറ കരുവളം വീട്ടിൽ അരുണിനെതിരെയാണ് അമ്പലവയൽ പോലീസ് കേസെടുത്തത്. പട്ടികവർഗ അതിക്രമ നിരോധനമുൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് നടപടി.
അമ്പലവയൽ നീർച്ചാൽ കോളനിയിലെ ബാബുവിനാണ് മർദനത്തിൽ താടിയെല്ലിന് പൊട്ടലേറ്റത്. കുരുമുളക് പറിച്ചതിന് 100 രൂപ കൂടുതൽ കൂലി ചോദിച്ചതിന് അരുൺ മുഖത്ത് ചവിട്ടിയതായി ബാബു ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
പ്രതി ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളജ് ആസ്പത്രിയിലെത്തി 1000 രൂപ തന്ന് സ്വാധീനിക്കാൻ ശ്രമിച്ചതായും ബാബു പറഞ്ഞു.