84 വയസ്സുകാരിക്ക്‌ അപൂർവ ശസ്ത്രക്രിയ, പ്രായം ചെന്നയാളിൽ വിജയകരമായി പൂർത്തിയാക്കിയത് ഇന്ത്യയിലാദ്യം

Share our post

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആസ്പത്രിയിൽ എൺപത്തിനാല് വയസ്സുള്ള വയോധികയിൽ ഡയഫ്രമാറ്റിക് ഹെർണിയയ്ക്കുള്ള താക്കോൽ ദ്വാര ശസ്ത്രക്രിയ വിജയകരം. ഇത്രയും പ്രായം ചെന്നയാളിൽ വിജയകരമായി ഈ ശസ്ത്രക്രിയ പൂർത്തിയാക്കിയത് ഇന്ത്യയിൽ ആദ്യമായാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നു.

ഉദരവും ശ്വാസകോശവും തമ്മിൽ വേർതിരിക്കുന്ന ഡയഫ്രത്തിൽ ഹെർണിയ മൂലമുള്ള അസ്വസ്ഥതയാൽ രണ്ടാഴ്ച മുമ്പാണ് ആറ്റിങ്ങൽ ആലംകോട് സ്വദേശിനിയായ വയോധികയെ മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. സി.ടി. സ്‌കാൻ പരിശോധനയിൽ വൻകുടൽ, ഒമെറ്റം എന്നിവ നെഞ്ചിലേക്ക്‌ കയറിയിരിക്കുന്ന നിലയിലാണെന്ന് കണ്ടെത്തി. ശസ്ത്രക്രിയയ്ക്ക് രോഗിയുടെ പ്രായം വെല്ലുവിളിയായിരുന്നു.

മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ഡയഫ്രത്തിന്റെ കേടുപാടുകൾ തീർത്ത് മെഷ് തുന്നിച്ചേർത്തു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള രോഗി സുഖംപ്രാപിച്ചു വരുന്നു.

സർജറി വിഭാഗത്തിലെ ഡോ.സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ നടന്ന ശസ്ത്രക്രിയയിൽ ഡോ. ജി. ഉണ്ണികൃഷ്ണൻ, ഡോ. സജിൻ, ഡോ. കെവിൻ, ഡോ. അർച്ചന, അനസ്‌തേഷ്യാ വിഭാഗത്തിലെ ഡോ. മായ, ഡോ. സുമ തുടങ്ങിയവർ ഉൾപ്പെടുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!