പയ്യാവൂർ ഊട്ടുത്സവം തുടങ്ങി

Share our post

ശ്രീകണ്ഠപുരം: പയ്യാവൂർ ശിവ ക്ഷേത്രത്തിൽ ഊട്ടു മഹോത്സവം ആരംഭിച്ചു. 22വരെ ദിവസവും വൈകിട്ട്‌ അഞ്ചിന്‌ തിടമ്പെഴുന്നള്ളത്തും തിരുനൃത്തവും ഉണ്ടാകും.23ന് രാവിലെ ആറിന്‌ നെയ്യമൃതുകാരുടെ നെയ്യൊപ്പിക്കലോടെ ക്ഷേത്ര ചടങ്ങ്‌ ആരംഭിക്കും. പകൽ 12ന്‌ ആനപ്പുറത്ത് തിടമ്പെഴുന്നള്ളത്ത്.

തുടർന്ന് കോമരത്തിന്റെയും നെയ്യമൃതകാരുടെയും കുഴിയടുപ്പിൽ നൃത്തം. വൈകിട്ട്‌ നാലിന്‌ ചൂളിയാട്ട് ദേശവാസികളുടെ ഓമനക്കാഴ്ച വരവ്. വൈകിട്ട്‌ അഞ്ചിന്‌ കുടകരുടെ മടക്കയാത്ര.24ന്‌ പകൽ 11 ന്‌ നെയ്യാട്ടം, ഇളനീരാട്ടം, കളഭാട്ടം എന്നിവ നടക്കും. രാത്രി തിടമ്പ് നൃത്തവും എഴുന്നള്ളത്തും. 25ന് പകൽ 12 ന്‌ ആനപ്പുറത്ത് ആറാട്ട് എഴുന്നള്ളത്തും തുടർന്ന് തിടമ്പ് നൃത്തവും. കരിമരുന്ന് പ്രയോഗത്തോടെ ഉത്സവം സമാപിക്കും.

ഉത്സവ നഗരിയിൽ വൈവിധ്യമാർന്ന സാംസ്‌കാരിക പരിപാടികളാണ്‌ ഓരോ ദിവസവും നടക്കുന്നത്‌. തിങ്കൾ സാംസ്കാരിക സമ്മേളനം ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. പി കെ ദിവാകരൻ അധ്യക്ഷനായി. കലാപരിപാടികൾ ഉണ്ണിക്കൃഷ്ണൻ പയ്യാവൂർ ഉദ്ഘാടനംചെയ്‌തു.

ചൊവ്വാഴ്‌ച വൈകിട്ട്‌ ഏഴിന്‌ ചാക്യാർകൂത്ത്, തിരുവാതിര, നൃത്തനൃത്യങ്ങൾ എന്നിവ അരങ്ങറും. ബുധൻ ഓട്ടൻതുള്ളലും വിവിധ കലാപരിപാടികളും. 16ന് വൈകിട്ട്‌ കലാപരിപാടികളും പിഎൻഎൻ വായനശാല ഗ്രന്ഥാലയം ചോലക്കരി അവതരിപ്പിക്കുന്ന മായ നാടകം. 18ന് വൈകിട്ട്‌ സാംസ്കാരിക സമ്മേളനം ജോൺ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്യും. തുടർന്ന് ആട്ടം നാടകം അരങ്ങേറും.

20ന് കണ്ണൂർ സംഘകലയുടെ കതിവന്നൂർ വീരൻ വിൽക്കലാമേള. 21ന് രാത്രി ഒമ്പതിന് കണ്ണൂർ നാടകസംഘത്തിന്റെ മഹായാനം നാടകം. 22ന് വൈകിട്ട്‌ ഏഴിന്‌ സാംസ്കാരിക സമ്മേളനം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. കണ്ണൂർ വടക്കൻസിന്റെ നാടൻപാട്ട് മേളയും നടക്കും.

23ന് വൈകിട്ട്‌ സാംസ്കാരിക സമ്മേളനം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ എം ആർ മുരളി ഉദ്ഘാടനം ചെയ്യും. തുടർന്ന് കണ്ണൂർ രംഗമിത്രയുടെ സാമൂഹിക സംഗീത നാടകം മഹാരൗദ്രം അരങ്ങിലെത്തും. 24ന് ഫ്യൂഷൻ ഷോ. 25ന് വൈകിട്ട്‌ എട്ടിന് കണ്ണൂർ എസ്‌എസ് ഓർക്കസ്ട്രയുടെ ഗാനമേള. തുടർന്ന് കരിമരുന്ന് പ്രയോഗം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!