150 രൂപയ്ക്കു പോലും മത്സ്യം വാങ്ങാൻ ആളില്ല: വെട്ടിലായി മത്സ്യക്കർഷകർ; മീൻ വിറ്റഴിക്കാൻ സഹായമില്ല

Share our post

ചെറുപുഴ : സുഭിക്ഷ കേരളം പദ്ധതി പ്രകാരം സംസ്ഥാന സർക്കാരിന്റെയും ഫിഷറിസ് വകുപ്പിന്റെയും വാക്ക് വിശ്വസിച്ചു മത്സ്യക്കൃഷി ചെയ്യാൻ ഇറങ്ങിത്തിരിച്ച കർഷകർ വെട്ടിലായി. ചെറുപുഴ പഞ്ചായത്തിലെ രാജഗിരി, ജോസ്ഗിരി, കരിയക്കര ഭാഗങ്ങളിലെ കർഷകരാണു മത്സ്യക്കൃഷി ചെയ്തു കടക്കെണിയിലായത്.

മത്സ്യം വളർത്താൻ നൽകുന്ന പ്രോത്സാഹനമൊന്നും മത്സ്യം വിറ്റഴിക്കുന്ന കാര്യത്തിൽ ഫിഷറീസ് വകുപ്പിന്റെ ഭാഗത്തു നിന്നു ഉണ്ടാകുന്നില്ലെന്നാണു കർഷകർ പറയുന്നത്. രാജഗിരിയിലെ പൂക്കുളം ജോണി ഒന്നര ലക്ഷം രൂപ ചെലവഴിച്ചാണ് ആയിരം അസം വാള കുഞ്ഞുങ്ങളെ വളർത്തിയത്. ഇതിൽ 40000 സബ്സിഡിയായി ലഭിച്ചു.

എന്നാൽ, 2 വർഷം കഴിഞ്ഞിട്ടും 500 മീനുകളെ മാത്രമേ വിറ്റഴിക്കാൻ സാധിച്ചുള്ളു. ഇതും കിലോഗ്രാമിന് വെറും 200 രൂപ വിലയ്ക്ക്. എന്നാൽ, ഇപ്പോൾ 150 രൂപയ്ക്കു പോലും മത്സ്യം വാങ്ങാൻ ആളില്ലാത്ത സ്ഥിതിയാണെന്നു ജോണി പറയുന്നു.

മത്തിക്കും അയലയ്ക്കും മറ്റും ഉള്ള രുചി അസം വാളയ്ക്കു ലഭിക്കുന്നില്ലെന്നതുകൊണ്ടാണ് ആവശ്യക്കാർ കുറഞ്ഞതെന്നും കർഷകർ പറയുന്നു. മീനിനു നൽകുന്ന തീറ്റയുടെ വില ദിനംപ്രതി വർധിക്കുന്നതും കർഷകർക്കു തിരിച്ചടിയാകുന്നു. പറമ്പിൽ നിന്നു ശേഖരിക്കുന്ന ഇലകൾ അസം വാളകൾ തിന്നില്ല.

ഇപ്പോഴും മത്സ്യക്കുഞ്ഞുങ്ങളെ വേണോ എന്നു ചോദിച്ചു ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ വിളിക്കാറുണ്ടെന്നു കർഷകർ പറയുന്നു. എന്നാൽ, കർഷകരിൽ നിന്നു മത്സ്യം ശേഖരിക്കാനോ വിപണി കണ്ടെത്തി നൽകാനോ അധികൃതർ തയാറാകുന്നില്ലെന്നാണു കർഷകരുടെ പ്രധാന പരാതി.

കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ അധികൃതർ കാണിക്കുന്ന താൽപര്യം അവ വിറ്റഴിക്കുന്ന കാര്യത്തിൽ കാണിക്കുന്നില്ല. ഈ സാഹചര്യത്തിൽ ഇത്തരം കൃഷിക്ക് ഇറങ്ങിത്തിരിക്കുന്ന കർഷകർ രണ്ടുവട്ടം ആലോചിക്കണമെന്നാണു ജോണി പറയുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!