ലീഗ് ജില്ലാ സമ്മേളന റിപ്പോർട്ടിൽ കോൺഗ്രസിന് രൂക്ഷ വിമർശം
കണ്ണൂർ: മുസ്ലിംലീഗ് ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ യുഡിഎഫിനെ നയിക്കുന്ന കോൺഗ്രസിന് രൂക്ഷ വിമർശം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ യുഡിഎഫിനുണ്ടായ കനത്ത തിരിച്ചടിക്ക് കാരണം സ്ഥാനാർഥിനിർണയത്തിലെ അപാകമെന്നും ലീഗ്.
നിയമസഭാ തെരഞ്ഞെടുപ്പ് വിലയിരുത്തുന്ന ഭാഗത്താണ് കോൺഗ്രസിനെയും ആർഎസ്‌പിയെയും ലീഗ് പ്രതിക്കൂട്ടിൽ നിർത്തുന്നത്.
അഞ്ചിടത്ത് ജയിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും രണ്ട് സീറ്റ് മാത്രമാണ് ലഭിച്ചത്. കൂത്തുപറമ്പിലും അഴീക്കോടും ലീഗ് സ്ഥാനാർഥികൾ തോറ്റത് നിഷ്‌പക്ഷമതികളുടെ വോട്ടുമറിഞ്ഞതിനാലാണെന്നും റിപ്പോർട്ടിൽ പറയുന്നു. യുഡിഎഫ് ശക്തികേന്ദ്രമായ കണ്ണൂരിൽ 6,000 വോട്ടിനെങ്കിലും ജയിക്കുമെന്നാണ് പ്രതീക്ഷിച്ചത്.
ഇവിടുത്തെ തുടർച്ചയായ തോൽവിക്ക് കാരണം കോൺഗ്രസിലെ പടലപ്പിണക്കമാണ്. ആർ.എസ്.പിക്ക് മട്ടന്നൂർ സീറ്റ് കൊടുത്തതിനാലാണ് അവിടെ എൽഡിഎഫ് സ്ഥാനാർഥി റെക്കോഡ് ഭൂരിപക്ഷത്തിന് ജയിച്ചത്. ആർ.എസ്.പിക്ക് അണികളില്ലാത്ത മണ്ഡലത്തിൽ സീറ്റ് കൊടുത്തതിനെയും രൂക്ഷമായി വിമർശിക്കുന്നു.
എൽ.ഡി.എഫിന് അനുകൂലമായ നിശബ്ദതരംഗം മനസ്സിലാക്കാൻ യുഡിഎഫിനായില്ല. പാവപ്പെട്ടവരുടെ രക്ഷകനെന്നനിലയിൽ സാധാരണക്കാരുടെയും മധ്യവർഗത്തിന്റെയും ഇടയിൽ മുഖ്യമന്ത്രി പിണറായി വിജയന് അനുകൂലമായ വികാരം രൂപപ്പെട്ടിരുന്നു.
ലൈഫ് മിഷൻ പോലെ പാവങ്ങൾക്ക് ഗുണകരമാകുന്ന പദ്ധതികളോട് യുഡിഎഫ് നിഷേധാത്മക നിലപാട് സ്വീകരിക്കുന്നുവെന്ന ആശങ്ക സാധാരണക്കാരിലുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.