കുഞ്ഞിമംഗലം മല്ലിയോട്ട് ഉത്സവം; വിവാദ ബോർഡ് ഒഴിവാക്കി

പയ്യന്നൂർ: കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിലെ ഉത്സവപ്പറമ്പിൽ ഇനി വിവാദ ബോർഡ് വേണ്ട. മുൻ വർഷങ്ങളിൽ ക്ഷേത്രോത്സവ സമയത്ത് പ്രത്യക്ഷപ്പെടാറുള്ള മുസ്ലിങ്ങൾക്ക് പ്രവേശനമില്ലെന്ന ബോർഡാണ് ഈ വർഷം മുതൽ വേണ്ടതില്ലെന്ന് ക്ഷേത്ര കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചത്.
തിങ്കളാഴ്ച സംക്രമ അടിയന്തരവുമായി ബന്ധപ്പെട്ടു നടന്ന നാല് ഊരിലെയും വാല്യക്കാർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനമെടുത്തത്.
സംക്രമ പൂജക്കു ശേഷം നടയിൽ ഒത്തുചേർന്ന വാല്യക്കാരുടെ മുമ്പാകെ ക്ഷേത്രം കർമി ഷിജു മല്ലിയോടനാണ് തീരുമാനമറിയിച്ചത്. ഉത്സവപ്പറമ്പിലെ ബോർഡ് വൻ വിവാദത്തിന് വഴിതെളിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച സംക്രമ പൂജ പ്രമാണിച്ച് വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നുവെങ്കിലും വിഷയവുമായി ബന്ധപ്പെട്ട് പ്രശ്നമൊന്നുമുണ്ടായില്ല.
വിദ്വേഷ പ്രചാരണം, ഒരാൾ അറസ്റ്റിൽപയ്യന്നൂർ: വിവാദ ബോർഡുമായി ബന്ധപ്പെട്ട് സാമൂഹിക മാദ്ധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം ഷെയർ ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കുഞ്ഞിമംഗലത്തെ കെ. പ്രകാശനെ (45)യാണ് പയ്യന്നൂർ പൊലീസ് തിങ്കളാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തത്.മത സ്പർദ്ദയുണ്ടാക്കുന്ന രീതിയിലുള്ള പോസ്റ്റ് ഷെയർ ചെയ്തുവെന്നാണ് കേസ്.