അണ്ടലൂരിൽ ഇനി ഉത്സവനാളുകൾ

പിണറായി: നാട് മുഴുവൻ ഒരുമയോടെ വരവേൽക്കുന്ന അണ്ടലൂർ ഉത്സവത്തിന് ചൊവ്വാഴ്‌ച തുടക്കമാകും. ധർമടം, അണ്ടലൂർ, മേലൂർ, പാലയാട് ദേശക്കാർ മഹോത്സവമായി കൊണ്ടാടുന്ന അണ്ടലൂർ ക്ഷേത്രത്തിൽ തേങ്ങ താക്കൽ ചടങ്ങോടെയാണ് ഉത്സവാരംഭം. ബുധൻ രാത്രി എട്ടിന് പാണ്ട്യഞ്ചേരി പടിക്കൽ പോകലും മൂത്തകൂർ പെരുവണ്ണാനെ കൂട്ടിക്കൊണ്ടുവരലും.
തുടർന്ന് ചക്ക കൊത്തൽ, തിരുവായുധം കടയൽ, ചക്ക എഴുന്നള്ളത്ത്, ചക്കനിവേദ്യം എന്നിവ. വ്യാഴം രാവിലെ ഒമ്പതിന് കൊടിയേറ്റം. രാത്രി 11ന് മേലൂർ മണലിൽനിന്നുള്ള കുടവരവ്. പ്രധാന ആരാധനാമൂർത്തിയായ ദൈവത്താറിന്റെ എഴുന്നള്ളത്തിന് ഉപയോഗിക്കുന്ന ഓലക്കുട ക്ഷേത്ര പരിസരത്തെത്തുന്നതോടെ മേലൂർ ദേശവാസികളുടെ കരിമരുന്ന് പ്രയോഗം. വെള്ളി മുതൽ കെട്ടിയാട്ടങ്ങൾ.
ദൈവത്താറീശ്വരന്റെ തിരുമുടികണ്ട് വണങ്ങാൻ പതിനായിരങ്ങളാണ് നാലുദിവസങ്ങളിലായി ക്ഷേത്രസന്നിധിയിൽ എത്താറുള്ളത്. ഉത്സവം 20ന് സമാപിക്കും.അണ്ടലൂരിൽ ഉത്സവകാലത്ത് എത്തുന്നവർക്ക് ഏത് വീട്ടിൽനിന്നും അവിൽ, മലര്, പഴം തുടങ്ങിയ വിഭവങ്ങളടങ്ങിയ ദൈവത്താർ പ്രസാദം ലഭിക്കും.
ഇതിന്റെ ഭാഗമായി വാഴക്കുലകൾ ചിറക്കുനി ടൗണിൽ വിൽപ്പനയ്‌ക്കെത്തി. മൈസൂർ പഴത്തിന് 30 ഉം കദളിക്ക് 50 രൂപയുമാണ് വില. വീടുകളിൽ ഉത്സവകാലത്ത് ഉപയോഗിക്കുന്നതിനുള്ള മൺകലങ്ങളുമായി വർഷങ്ങളായി അണ്ടലൂർക്കാവിലെ തിറമഹോത്സവത്തിന് എത്തുന്നവരും പതിവ് തെറ്റിച്ചില്ല. പുതിയ പാത്രങ്ങളിലാണ് ഉത്സവനാളുകളിൽ വീടുകളിലെ പാചകം.