ചിന്ത പുസ്തകോത്സവവും ‘റെഡ് ബുക്ക്’ ലിറ്റററി ഫെസ്റ്റും ഇന്ന് തുടങ്ങും

കണ്ണൂർ: ചിന്ത പബ്ലിഷേഴ്സ് കണ്ണൂരിലൊരുക്കുന്ന പുസ്തകോത്സവവും റെഡ് ബുക്ക് ലിറ്റററി ഫെസ്റ്റും ചൊവ്വാഴ്‌ച തുടങ്ങും. വൈകിട്ട് അഞ്ചിന് ടൗൺസ്‌ക്വയറിൽ സാമൂഹ്യപ്രവർത്തക ടീസ്ത സെതൽവാദ് ഉദ്ഘാടനം ചെയ്യും. സി.പി.ഐ .എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് മുഖ്യപ്രഭാഷണം നടത്തും.
സംഘാടകസമിതി ചെയർമാൻ എം .വി ജയരാജൻ അധ്യക്ഷനാകും. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി .പി ദിവ്യ തുടങ്ങിയവർ സംസാരിക്കും.കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾ 50 ശതമാനംവരെ ഇളവുകളോടെ ലഭ്യമാകും. 20വരെയാണ് മേള.ബുധൻ വൈകിട്ട് 4.30ന് റെഡ് ബുക്ക് ക്വിസ്.
6.30ന് ‘റെഡ് ബുക്ക് ഡേയുടെ കാലിക പ്രസക്തി’ വിഷയത്തിൽ ഓൺലൈനായി നടക്കുന്ന സെമിനാറിൽ വിജയ് പ്രസാദ്, സുധൻവാ ദേശ്പാണ്ഡേ, നിതീഷ് നാരായണൻ, കെ .എസ് രഞ്ജിത്ത് എന്നിവർ പങ്കെടുക്കും.16ന് വൈകിട്ട് അഞ്ചിന് ‘എന്റെ ചുവന്ന പുസ്തകം’ സംവാദം ഡോ. കെ പി മോഹനൻ ഉദ്ഘാടനം ചെയ്യും. അശോകൻ ചരുവിൽ പ്രഭാഷണം നടത്തും.
17ന് വൈകിട്ട് നാലിന് തമിഴ് നോവലിസ്റ്റ് പെരുമാൾ മുരുകനുമായി മുഖാമുഖം. അഞ്ചിന് പുസ്തക വിതരണക്കാരുടെ സംഗമം- ‘പുസ്തകങ്ങളും മുനുഷ്യരും’. ഇ .പി രാജഗോപാലൻ വിഷയം അവതരിപ്പിക്കും. 18ന് പകൽ മൂന്നിന് ടി. പത്മനാഭന്റെ ‘എനിക്ക് എന്റെ വഴി’ പുസ്തകം സി.പി.ഐ .എം സംസ്ഥാന സെക്രട്ടറി എം .വി ഗോവിന്ദൻ പ്രകാശിപ്പിക്കും.
എഴുത്തിലെ പുതുതലമുറ കുട്ടികളുടെ സംഗമവും അവതരണവുമുണ്ടാകും.19ന് വൈകിട്ട് നാലിന് ‘കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ- സമകാലിക പ്രസക്തി’ വിഷയത്തിൽ സി.പി.ഐ .എം പൊളിറ്റ് ബ്യൂറോ അംഗം എം. എ ബേബിയുടെ പ്രഭാഷണം. തുടർന്ന് ‘സാഹിത്യം- സമകാലികം’ സംവാദം. തുടർന്ന് ഒ കെ കുറ്റിക്കോൽ സ്മാരക ഹ്രസ്വനാടകമേള രാജ്മോഹൻ നീലേശ്വരം ഉദ്ഘാടനം ചെയ്യും.