വീട്ടുമുറ്റത്തും മട്ടുപ്പാവിലും പച്ചക്കറി നഴ്‌സറിയൊരുക്കി ആയിഷ

Share our post

കണ്ണൂർ: പച്ചക്കറി നഴ്‌സറിക്ക്‌ ഏറെ സ്ഥലവും വലിയ മുതൽമുടക്കും വേണമെന്ന ധാരണ തിരുത്തുകയാണ്‌ കമ്പിൽ ടിസി ഗേറ്റിന്‌ സമീപത്തെ മൂലയിൽ ഹൗസിൽ എം .ആയിഷ. വീട്ടുമുറ്റവും മട്ടുപ്പാവും ഫലപ്രദമായി ഉപയോഗിച്ചാൽ മോശമല്ലാത്ത നഴ്‌സറി ഒരുക്കാനാകുമെന്നതാണ്‌ ആയിഷയുടെ അനുഭവം. ഒരു സീസണിൽ ഒരു ലക്ഷം തൈകളാണ്‌ മുറ്റത്തും മട്ടുപ്പാവിലുമായി മുളപ്പിച്ചെടുക്കുന്നത്‌.

ഇവ നാറാത്ത്‌ കൃഷിഭവൻ വഴി കർഷകരിലെത്തുന്നു. ഇതിനുപുറമെ വ്യക്തികൾക്കും വിൽപന നടത്തുന്നു. ചെറുതാഴം കുരുമുളക്‌ ഉൽപ്പാദന കമ്പനിയുടെ മാതൃവള്ളി ഉൽപാദക യൂണിറ്റും ആയിഷയുടെ മുറ്റത്തുണ്ട്‌.ഒരു സീസണിൽ വെണ്ട, പയർ, പച്ചമുളക്‌, വഴുതിന, തക്കാളി എന്നീ പച്ചക്കറികളുടെ 20,000 വീതം തൈകളാണ്‌ ഉൽപാദിപ്പിക്കുന്നത്‌.

പൊതീന, മല്ലി, കാന്തരി, മിന്റ്‌ തുളസി എന്നിവയുടെ തൈകളും വിൽപനയ്‌ക്കുണ്ട്‌.കാർഷിക വൃത്തിയിൽ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത ആയിഷ ആറു വർഷം മുമ്പ്‌ കണ്ണാടിപറമ്പിൽ ഭർത്താവ്‌ എം പി മുസ്‌ഫയുടെ സ്ഥലത്ത്‌ 300 നേന്ത്ര വാഴ കൃഷി ചെയ്‌താണ്‌ ഈ മേഖലയിൽ ചുവടുവയ്‌ക്കുന്നത്‌. വീട്ടുമുറ്റ, മട്ടുപ്പാവ്‌ നഴ്‌സറി തുടങ്ങിയിട്ട്‌ നാലു വർഷമായി.

ബാപ്പ കെ പി ഇസ്‌മയിലും ഉമ്മ എം സഹ്‌റയും ഭർത്താവ്‌ മുസ്‌തഫയുമെല്ലാം സഹായത്തിനുണ്ട്‌. കല്യാശേരി ബ്ലോക്ക്‌ പഞ്ചായത്തിന്റെ മികച്ച കർഷക കുടുംബമായി തെരഞ്ഞെടുത്തത്‌ ഇവർക്കുള്ള അംഗീകാരമായിരുന്നു.
പച്ചക്കറിയും നെല്ലും പയർവർഗങ്ങളും കൃഷി ചെയ്‌ത്‌ ആയിഷ സുസ്‌ഥിര വരുമാനം ഉറപ്പുവരുത്തുകയും ചെയ്യുന്നു.

കമ്പിൽ കുമ്മായ കടവിൽ ഒരേക്കർ പച്ചക്കറി കൃഷിയുണ്ട്‌. പച്ചക്കറി വിത്തും വിൽപന നടത്തുന്നു. നാറാത്ത്‌ വെടിമാട്‌ പാടശേഖരത്തിൽ നാലേക്കറിൽ നെൽകൃഷിയുമുണ്ടായിരുന്നു. കൊയ്‌ത്ത്‌ കഴിഞ്ഞ പാടങ്ങളിൽ ഉഴുന്ന്‌, ചെറുപയർ, വൻപയർ എന്നിവയും കൃഷി ചെയ്യുന്നു. ഫോൺ: 9656272109.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!