വരുമാനം വർധിപ്പിക്കാനുള്ള പദ്ധതികൾ യൂണിയനുകൾ അട്ടിമറിക്കുന്നുവെന്ന് കെ.എസ്.ആർ.ടി.സി

കൊച്ചി: മാനേജ്‌മെന്റ് കൊണ്ടുവരുന്ന വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളെല്ലാം യൂണിയനുകളും ഒരുകൂട്ടം തൊഴിലാളികളും ചേർന്ന് അട്ടിമറിക്കുകയാണെന്ന് ഹൈക്കോടതിയിൽ കെഎസ്‌ആർടിസി മാനേജ്‌മെന്റ്. 2022 ജനുവരിയ്‌ക്ക് ശേഷം വിരമിച്ചവർക്ക് പെൻഷൻ ആനുകൂല്യം നൽകാത്തതിന് എതിരെ സമർപ്പിച്ച ഹർജിയിലാണ് കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റ് പ്രതിസന്ധിയെ കുറിച്ച് വ്യക്തമാക്കിയത്.
എല്ലാപുതു പദ്ധതികളെയും എതിർക്കുന്നത് കെഎസ്‌ആർടിസിയിൽ പൊതുരീതിയായി മാറി.978 പേരാണ് 2022 ജനുവരിയ്‌ക്ക് ശേഷം കെ.എസ്.ആർ.ടി.സിയിൽ വിരമിച്ചത്. ഇവർക്ക് ആനുകൂല്യങ്ങൾ നൽകാനായിട്ടില്ല.23 പേർക്ക് മാത്രമാണ് ആനുകൂല്യങ്ങൾ നൽകാനായതെന്നും മറ്റുള്ളവർക്ക് നൽകുന്നതിന് രണ്ട് വർഷത്തെ സാവകാശം വേണമെന്നുമാണ് കെ.എസ്.ആർ.ടി.സി കോടതിയിൽ ആവശ്യപ്പെടുന്നത്.
ധനസഹായത്തിന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 50 കോടി രൂപയാണ് ഇതിനായി വേണ്ടത്. ഇത് ലഭിക്കുന്ന മുറയ്‌ക്ക് പെൻഷൻ ആനുകൂല്യങ്ങൾ നൽകുമെന്നും ഒരുമാസവും ഇതുവരെ പെൻഷൻ മുടക്കിയിട്ടില്ലെന്നുമാണ് കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചത്.നിലവിൽ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും വരുമാനത്തിൽ നിന്നും ശമ്പളം പോലും ജീവനക്കാർക്ക് നൽകാനാകാത്ത ബുദ്ധിമുട്ടുണ്ടെന്നുമാണ് കോടതിയെ സത്യവാങ്‌മൂലത്തിൽ കെ.എസ്.ആർ.ടി.സി അറിയിച്ചത്.