ഐ .പി .എസുകാരന്റെ കല്യാണം: അതിഥികളെ എത്തിക്കാൻ ഔദ്യോഗിക വാഹനങ്ങൾ, പെട്ടി ചുമക്കാൻ പോലീസുകാരും

Share our post

കൊച്ചി: സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ നികുതികൾ വൻതോതിൽ കൂട്ടി പാവങ്ങളുടെ പാേക്കറ്റിൽ നിന്ന് സർക്കാർ കൈയിട്ടുവാരുമ്പോൾ ഐ. പി .എസ് ഉദ്യോഗസ്ഥന്റെ കല്യാണത്തിനായി പൊതുപണം പൊടിപൊടിക്കുന്നു.

ഐ.ആര്‍. ബറ്റാലിയന്‍ കമാന്‍ഡന്റ് പദം സിംഗിന്റെ കല്യാണത്തിൽ പങ്കെടുക്കാനെത്തിയവരെ നക്ഷത്രഹോട്ടലുകളിലേക്ക് എത്തിക്കാനും മറ്റും സർക്കാർ വാഹനങ്ങൾ രണ്ടുദിവസമായി ഷട്ടിൽ സർവീസ് നടത്തുകയാണ്. പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും കൈവശമുള്ള ജീപ്പ് കോമ്പസ്, കൊറോള തുടങ്ങിയ പത്തോളം ആഡംബര കാറുകളാണ് ഷട്ടിൽ സർവീസ് നടത്തുന്നത്.

എല്ലാ വാഹനങ്ങളുടെയും ഔദ്യോഗിക ബോർഡുകൾ മറച്ചുവച്ചുകൊണ്ടായിരുന്നു ഓട്ടം മുഴുവൻ. പക്ഷേ,രാജകീയ യാത്ര ഉറപ്പാക്കാൻ ബീക്കൺ ലൈറ്റുകൾ ഉപയോഗിക്കുന്നുണ്ട്. ജില്ലയിലെ ഒരു മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥന് നല്‍കിയിട്ടുള്ള രണ്ട് വാഹനങ്ങളും കല്യാണ ഓട്ടത്തിന് വിട്ടുനല്‍കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.ബോൾഗാട്ടി പാലസിൽ വച്ചാണ് വിവാഹം.

ഇതിൽ പങ്കെടുക്കാനെത്തിയ അതിഥികളെ ഹോട്ടലിലേക്ക് എത്തിക്കാനാണ് സർക്കാർ വാഹനങ്ങൾ ഉപയോഗിച്ചത്. വിമാനത്താവളത്തിലെത്തുന്ന അതിഥികളെ സ്വീകരിക്കാനും അവരുടെ ബാഗ് ചുമക്കാനും നിയോഗിച്ചിരിക്കുന്നത് പൊലീസുകാരെയാണ്. രാവിലെമുതൽ രാത്രിവരെ ഓരോ വിമാനത്തിലും എത്തുന്ന അതിഥികളുടെ ലിസ്റ്റുമായി പൊലീസുകാർ വിമാനത്താവളത്തിൽ നെട്ടോട്ടത്തിലാണ്.

അതിഥികളെ കണ്ടുപിടിച്ച് അവരുടെ ലെഗേജുകൾ എല്ലാമെടുത്ത് കാറുകളിൽ കയറ്റി വിടുമ്പോൾ മാത്രമാണ് പൊലീസുകാർക്ക് ശ്വാസം നേരേവീഴുന്നത്. കലൂരിലെയും ബോൾഗാട്ടിയിലെയും വിവിധ നക്ഷത്ര ഹോട്ടലുകളിലാണ് അതിഥികൾക്കുളള താമസ സൗകര്യം ഏർപ്പാടാക്കിയിട്ടുള്ളത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!