1000 പേര്‍ക്ക് 466 വാഹനങ്ങള്‍; കേരളത്തില്‍ വാഹനങ്ങളുടെ എണ്ണത്തില്‍ വമ്പന്‍ കുതിപ്പ്

Share our post

കേരളത്തില്‍ വാഹനങ്ങളുടെ എണ്ണത്തില്‍ കുതിപ്പുതുടരുന്നു. ആയിരംപേര്‍ക്ക് 466 വാഹനങ്ങള്‍. ഫെബ്രുവരി അഞ്ചിന് നിയമസഭയില്‍വെച്ച സംസ്ഥാന ആസൂത്രണബോര്‍ഡിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഈ കണക്ക്. 2013-ല്‍ 80,48,673 വാഹനങ്ങളായിരുന്നു കേരളത്തില്‍. 2022-ല്‍ ഇത് 1,55,65,149 ആയി. വര്‍ധന 93 ശതമാനം.

റോഡ് പഴയ റോഡുതന്നെ

വാഹനങ്ങളുടെ എണ്ണം ഇരട്ടിയായെങ്കിലും റോഡിന്റെ നീളത്തില്‍ അത്രമാറ്റമുണ്ടായിട്ടില്ല. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് 2011-ല്‍ 23,241 കിലോമീറ്റര്‍ റോഡുണ്ടായിരുന്നു. 2022-ല്‍ 29,522.15 കിലോമീറ്ററായി. 30 ശതമാനത്തോളം വര്‍ധന. കേരളത്തിലെ റോഡ് സാന്ദ്രത 100 ചതുരശ്രകിലോമീറ്ററിന് 548 കിലോമീറ്ററാണ്. ദേശീയശരാശരിയുടെ മൂന്നിരട്ടിവരുമിതെന്ന് അവലോകന റിപ്പോര്‍ട്ട് പറയുന്നു.

കാര്‍: ഒന്നര ഇരട്ടി

ഇടത്തരം കുടുംബങ്ങള്‍ കൂടുതലായി കാര്‍ വാങ്ങുന്നു. 2018-2019-ല്‍ 27 ലക്ഷം കാറുകളുണ്ടായിരുന്നു. കോവിഡ് കഴിഞ്ഞപ്പോഴേക്കും 32.5 ലക്ഷമായി. കോവിഡ് കാലത്ത് കൂടുതല്‍ കുടുംബങ്ങള്‍ സ്വന്തംവാഹനങ്ങളെ ആശ്രയിച്ചുതുടങ്ങി. 2013-ലെ കണക്ക് അനുസരിച്ച് 13,58,728 കാറുകളാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍, 2022 ആയപ്പോഴേക്കും 32,58,312 എന്ന നിലയിലേക്കാണ് കാറുകളുടെ എണ്ണം ഉയര്‍ന്നത്. ഒന്നര ഇരട്ടി വര്‍ധനവാണ് ഒന്നര വര്‍ഷത്തില്‍ ഉണ്ടായിരിക്കുന്നത്.

ഇരട്ടിയായി ഇരുചക്രവാഹനങ്ങള്‍

ഇരുചക്ര വാഹനങ്ങളുടെ എണ്ണത്തിലും വലിയ കുതുപ്പാണ് ഉണ്ടായിരിക്കുന്നത്. സ്ത്രീകള്‍ കൂടുതലായി ഇരുചക്രവാഹനങ്ങള്‍ ഉപയോഗിച്ചുതുടങ്ങിയാണ് ഈ ശ്രേണിയുടെ വളര്‍ച്ചയ്ക്ക് വഴിവെച്ച കാരണങ്ങളിലൊന്ന്. 2013-ല്‍ കേരളത്തില്‍ 50,41,495 ഇരുചക്ര വാഹനങ്ങളാണ് ഉണ്ടായിരുന്നതെങ്കില്‍ 2022 ആയപ്പോഴേക്കും ഇത് 1,01,51,286 എന്ന നിലയിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്.

ബസുകളിലും വര്‍ധന

കടുത്ത പ്രതിസന്ധികള്‍ നേരിടുമ്പോഴും ബസുകളുടെയും എണ്ണത്തില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. 2013-ല്‍ 43,161 ബസുകള്‍ ഉണ്ടായിരുന്ന സാഹചര്യത്തില്‍ നിന്ന് 2022-ല്‍ 49,791 ബസുകളാണ് വര്‍ധിച്ചിട്ടുണ്ട്. യാത്രാബസുകളുടെമാത്രം കണക്കാണിത്. സര്‍ക്കാര്‍ കണക്കില്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ടെങ്കിലും പലതും കട്ടപ്പുറത്താണെന്ന് ബസ്സുടമകള്‍. നികുതി അടയ്ക്കാഞ്ഞതിനാല്‍ ഓടാന്‍ കഴിയാത്തവയുമുണ്ട്.

ഓട്ടോറിക്ഷ

മറ്റ് വാഹനങ്ങളുമായി തട്ടിച്ച് നോക്കുമ്പോള്‍ താരതമ്യേന കുറവ് വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത് ഓട്ടോറിക്ഷകള്‍ക്കാണ്. 2013-ല്‍ 6,02,547 ഓട്ടോറിക്ഷകളാണ് കേരളത്തിലെ നിരത്തുകളില്‍ ഉണ്ടായിരുന്നതെങ്കില്‍ 2022 ആയപ്പോഴേക്കും ഇത് 7,09,289 എണ്ണമായി മാത്രമാണ് വര്‍ധിച്ചിട്ടുള്ളത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!