കാട്ടിക്കുളം: ഗോത്രജനതയുടെ ജീവിതം അനുസ്മരിപ്പിക്കുന്ന പ്രവേശനകവാടം കടന്നാല്‍ വിത്തുത്സവവേദിയായി. വേദിക്കുമുന്നിലായി നെല്ല്, കാപ്പി, കുരുമുളക്, ചെറുധാന്യങ്ങള്‍, ഞവരയരി തുടങ്ങിയവകൊണ്ട് തീര്‍ത്ത ഭൂപടം. വയനാടിന്റെ കാര്‍ഷികസംസ്‌കൃതിയിലേക്കാണ് തിരുനെല്ലി വിത്തുത്സവം ജനങ്ങളെ കൊണ്ടുപോകുക.
കാട്ടിക്കുളത്തെ തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് മൈതാനത്ത് തുടങ്ങിയ വിത്തുത്സവം പുതിയ അനുഭൂതിയിലേക്കാണ് പ്രദര്‍ശനം കാണാനെത്തുന്നവരെ കൊണ്ടെത്തിക്കുക. വിത്തുത്സവം ഞായറാഴ്ച സമാപിക്കും.
ഗോത്രജനത കൂടുതലായും തിങ്ങിപ്പാര്‍ക്കുന്ന തിരുനെല്ലിയില്‍ അവര്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കിയാണ് വിത്തുത്സവം നടത്തുന്നത്. കല്ലോടിയിലെ കിഴങ്ങുവിള കര്‍ഷകന്‍ പി.ജെ. മാനുവലിന്റെയും കാട്ടിക്കുളം ഇരുമ്പുപാലം ‘നുറാങ്ക്’ ജെ.എല്‍.ജി. ഗ്രൂപ്പിന്റെയും കിഴങ്ങുവിളകളുടെ പ്രദര്‍ശനം ശ്രദ്ധേയമാണ്.
ഗോത്രവിഭാഗം കഴിക്കുന്ന കാട്ടുകിഴങ്ങുകളും പച്ചിലകളും പ്രദര്‍ശനത്തിലുണ്ട്. നെല്ല്, കിഴങ്ങുവിളകള്‍, പച്ചക്കറികള്‍, ചെറുധാന്യങ്ങള്‍ തുടങ്ങി 500 ഇനം വിത്തുകളുടെ പ്രദര്‍ശനവും വിപണനവും മേളയുടെഭാഗമായി നടത്തുന്നുണ്ട്. ജൈവകൃഷി, കാലാവസ്ഥാവ്യതിയാനം എന്നിവയില്‍ വിദഗ്ധരുടെ ക്ലാസുകളും വിത്തുത്സവത്തിന്റെ ഭാഗമായി നടത്തുന്നു.
ജില്ലയിലെ ജൈവവൈവിധ്യങ്ങളുടെ ഫോട്ടോപ്രദര്‍ശനം, നാടന്‍കലാസന്ധ്യ, കളരിപ്പയറ്റ്, വടംവലിമത്സരം എന്നിവയും വിത്തുത്സവത്തിന്റെ ഭാഗമായുണ്ട്. കര്‍ഷകര്‍ക്ക് സൗജന്യമായി മണ്ണ് പരിശോധിക്കാനുള്ള അവസരവുമുണ്ട്. സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സ്റ്റാളും ശ്രദ്ധേയമാണ്.
തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത്, നബാര്‍ഡ്, കാര്‍ഷിക വികസന കര്‍ഷകക്ഷേമവകുപ്പ്, ജൈവവൈവിധ്യബോര്‍ഡ്, ജില്ലാ കുടുംബശ്രീ മിഷന്‍, ബ്രഹ്‌മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി, തിരുനെല്ലി കര്‍ഷക ഉത്പാദക കമ്പനി, കീസ്റ്റോണ്‍ ഫൗണ്ടേഷന്‍, തണല്‍ അഗ്രോ-ഇക്കോളജി സെന്റര്‍, ഹ്യൂംസ് സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി, സ്പന്ദനം മാനന്തവാടി, എന്‍.ആര്‍.എല്‍.എം. തിരുനെല്ലി, കേരള മഹിളാ സമഖ്യ സൊസൈറ്റി, കേരള ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക്, തിരുനെല്ലി സര്‍വീസ് സഹകരണ ബാങ്ക്, മാനന്തവാടി ഗവ. കോളേജ്, മാനന്തവാടി പി.കെ. കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, മാനന്തവാടി മേരിമാതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, ദ്വാരക ഗുരുകുലം കോളേജ്, മാനന്തവാടി ജി.വി.എച്ച്.എസ്.എസ്., കാട്ടിക്കുളം ജി.എച്ച്.എസ്.എസ്., തൃശ്ശിലേരി ജി.എച്ച്.എസ്.എസ്., മാനന്തവാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് വിത്തുത്സവം നടത്തുന്നത്.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനംചെയ്തു. തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണന്‍ അധ്യക്ഷനായി. പ്രദര്‍ശനസ്റ്റാള്‍ ആത്മ നോഡല്‍ സെല്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. ആശാ കാമ്പുരത്ത് ഉദ്ഘാടനംചെയ്തു.
തണല്‍ ഡയറക്ടര്‍ എസ്. ഉഷ മുഖ്യപ്രഭാഷണം നടത്തി. നബാര്‍ഡ് എ.ജി.എം. വി. ജിഷ, ബ്ലോക്ക് വ്യവസായ ഓഫീസര്‍ അര്‍ച്ചന, ജില്ലാ ജൈവവൈവിധ്യ പരിപാലനസമിതി കണ്‍വീനര്‍ ടി.സി. ജോസഫ്, സംഘാടകസമിതി കണ്‍വീനര്‍ രാജേഷ് കൃഷ്ണന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ആര്‍. അജയകുമാര്‍, എ.എന്‍. പ്രഭാകരന്‍, ഇ.ജെ. ബാബു, പി.എല്‍. ബാവ, സി.കെ. ശങ്കരന്‍, വി.വി. രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.