ആകാശത്തോളം ആനന്ദം ഈ യാത്ര

അഴീക്കോട്: ത്രസിപ്പിക്കുന്ന ആകാശയാത്രയുടെ ആവേശത്തിലാണ് അഴീക്കൽ ഗവ. റീജണൽ ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥികൾ. പഠനയാത്രയുടെ ഭാഗമായാണ് ബംഗളൂരു വിമാനത്താവളത്തിൽനിന്ന് അവർ കൊച്ചിയിലേക്ക് പറന്നിറങ്ങിയത്.
നിലാകാശത്ത് മേഘങ്ങൾക്കുള്ളിലൂടെ പറന്ന് നിലംതൊട്ടപ്പോള്‍ ആദ്യ ആകാശയാത്ര അവർക്ക് ആനന്ദയാത്രയായി.
വിമാനത്തിൽ സഞ്ചരിച്ച് പഠനയാത്ര നടത്തുകയെന്ന ആഗ്രഹം അധ്യായന വർഷത്തിന്റെ തുടക്കം മുതൽ വിദ്യാർഥികൾക്കുണ്ടായിരുന്നു.
ഫിഷറീസ് വകുപ്പ് വിദ്യാതീരം പദ്ധതിയുടെ ഭാഗമായി പഠനയാത്രയ്ക്കായി 1, 82,000 രൂപയാണ് അനുവദിച്ചിരുന്നത്. സ്‌കൂളിലെ 56 വിദ്യാർഥികളും നേരത്തെ വയനാട്ടിലേക്ക് പഠനയാത്ര നടത്തിയിരുന്നു. ബാക്കി വന്ന തുക ഉപയോഗിച്ചാണ് 16 പത്താംക്ലാസ് വിദ്യാർഥികളുടെ വിമാനയാത്രയെന്ന ആഗ്രഹം സഫലമായത്.
ഫിഷറീസ് വകുപ്പിനുകീഴിലെ സ്കൂളുകളിൽ വിദ്യാതീരം പദ്ധതിയുടെ ഭാഗമായി 2019 മുതൽ വിമാനയാത്ര ഒരുക്കാറുണ്ടായിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് മൂന്നുവർഷമായി യാത്രകളൊന്നുമുണ്ടായില്ല.
കണ്ണൂരിൽനിന്നും വിദ്യാർഥികളും അധ്യാപകരും ട്രെയിൻമാർഗം ബംഗളൂരുവിലെത്തി.
ബംഗളൂരു വിശേശ്വരയ്യ ഇൻഡസ്ട്രിയൽ ടെക്നിക്കൽ മ്യുസിയം, സ്‌നോസിറ്റി, കബോൺ പാർക്ക് എന്നിവിടങ്ങൾ സന്ദർശിച്ചശേഷം ബംഗളൂരു വിമാനത്താവളത്തിൽനിന്നാണ് ഇവർ കൊച്ചിയിലേക്ക് പറന്നത്.
വിമാനയാത്ര ഏറെ കൗതുകം നിറഞ്ഞതായിരുന്നുവെന്ന് അസി. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ എ .കെ സംഗീത പറഞ്ഞു.