അനധികൃത സ്വത്ത് സമ്പാദന പരാതി: സി.പി.എം നേതാക്കൾക്കിടയിലെ അസ്വാരസ്യം വീണ്ടും പുറത്ത്

കണ്ണൂർ : പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജനു നേരെ സംസ്ഥാന സമിതി അംഗം പി.ജയരാജൻ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദന പരാതി സംസ്ഥാന സമിതി വീണ്ടും ചർച്ചയ്ക്കെടുത്തതോടെ മുതിർന്ന നേതാക്കൾക്കിടയിലെ അസ്വാരസ്യം വീണ്ടും മറനീക്കി പുറത്തു വരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും ഏറെ ഉന്നത നേതാക്കളുമുള്ള കണ്ണൂരിലാണ് ആദ്യം തെറ്റുതിരുത്തൽ വേണ്ടി വരുന്നതെന്നതു ഗൗരവം കൂട്ടുന്നു. നേരത്തേ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിനു മുന്നിൽ വന്ന വിഷയം അന്ന് ചർച്ച ചെയ്ത് ഒതുക്കുകയായിരുന്നു. പാർട്ടി തെറ്റുതിരുത്തൽ രേഖ ചർച്ചയ്ക്കെടുത്ത അവസരം നോക്കി കഴിഞ്ഞ സംസ്ഥാന സമിതി യോഗത്തിൽ പി.ജയരാജൻ വീണ്ടും പരാതി ഉന്നയിക്കുകയായിരുന്നു.
ഇ.പിക്കു പറയാനുള്ളതു കൂടി കേട്ട ശേഷം പരാതിയിൽ തീരുമാനമെടുക്കാമെന്ന നിലപാടിലായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. തന്റെ വാദം ഉന്നയിക്കാൻ ഇ.പിക്ക് ഇന്നലെ അവസരം ലഭിക്കുകയും ചെയ്തു. രണ്ടു ജയരാജന്മാരുടെയും കാര്യത്തിൽ പാർട്ടി നേതൃത്വം എന്തു തീരുമാനമെടുക്കുമെന്ന ആകാംക്ഷ അണികൾക്കുണ്ട്.
കോടിയേരിയുടെ പിൻഗാമിയായി എം.വി.ഗോവിന്ദൻ സെക്രട്ടറിയായതും പിന്നാലെ പൊളിറ്റ്ബ്യൂറോയിൽ എത്തിയതും ഉൾക്കൊള്ളാൻ കഴിയാത്ത തരത്തിലായിരുന്നു ഇ.പി.ജയരാജന്റെ സമീപകാല ഇടപെടൽ. ആദ്യം ജില്ലാ സെക്രട്ടറിയായതും കേന്ദ്ര കമ്മിറ്റിയിലെത്തിയതും ഇ.പി.ജയരാജനായിരുന്നെങ്കിലും പിബിയിൽ സ്ഥാനം കിട്ടിയതും സംസ്ഥാന സെക്രട്ടറിയായതും എം.വി.ഗോവിന്ദനാണ്.
പുതിയ നേതൃത്വവുമായി സ്വരച്ചേർച്ചയില്ലാതായതോടെ ഇ.പി പാർട്ടി പരിപാടികളിൽ സജീവമായിരുന്നില്ല. ആരോഗ്യ കാരണങ്ങളാണു പുറത്തു പറഞ്ഞിരുന്നത്. ജയരാജൻ അവധിയിലാണെന്നു നേതൃത്വവും പറഞ്ഞിരുന്നു. അതിനു ശേഷം ഇ.പി രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായിട്ട് ഒരു മാസമേ ആയിട്ടുള്ളൂ.
പുകഞ്ഞു കൊണ്ടിരുന്ന സാഹചര്യം മുതലെടുത്താണ് പി.ജയരാജൻ സംസ്ഥാന സമിതിയിൽ ആരോപണം ഉന്നയിച്ചിരുന്നത്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പിന്തുണ ഇക്കാര്യത്തിൽ പി.ജയരാജനു കിട്ടിയെന്നു സംശയിക്കുന്നവരുണ്ട്. വിവാദങ്ങളോട് ഇ.പി. ജയരാജനും എം.വി.ഗോവിന്ദനും മൗനം പാലിക്കുകയായിരുന്നു.
തന്റെ നാടായ മൊറാഴയിൽ പരാതിക്ക് ഇടയാക്കുന്ന തരത്തിലുള്ള റിസോർട്ട് നിർമാണത്തോട് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും താൽപര്യമുണ്ടായിരുന്നില്ലെന്നാണു വിവരം.