അണ്ടർ വാട്ടർ ടണൽ എക്‌സ്‌പോയിൽ തിരക്കേറുന്നു

കൂത്തുപറമ്പ് : കടലിന്റെ വിസ്മയക്കാഴ്ചകളൊരുക്കി പാറാൽ നിർദിഷ്ട ബസ് സ്റ്റാൻഡ് ഗ്രൗണ്ടിൽ ആരംഭിച്ച ഓഷ്യാനസ് അണ്ടർ വാട്ടർ ടണൽ എക്‌സ്‌പോയിൽ വൻ ജനതിരക്ക്.
വിദ്യാർഥികൾക്കു പ്രത്യേക ഇളവുകൾ അനുവദിക്കുമെന്ന് നീൽ എന്റർടൈൻമെന്റ് മാനേജിങ് ഡയറക്ടർ കെ.കെ.നിമിൽ അറിയിച്ചു.
200 അടി നീളത്തിൽ നിർമിച്ച ചലിക്കുന്ന പോർട്ടബിൾ ടണൽ അക്വേറിയത്തിൽ കടലിന്റെ അടിത്തട്ടിലെ അത്ഭുത കാഴ്ചകൾ കാണികളെ വിസ്മയഭരിതമാക്കുന്നതാണ്.
20 രാജ്യങ്ങളിൽ നിന്നുള്ള പതിനായിരത്തിലേറെ അലങ്കാരമത്സ്യങ്ങളും കടൽ ജീവികളും പ്രദർശനത്തിലെ വിസ്മയ കാഴ്ചകളാണ്. മത്സ്യങ്ങൾ കടലിനടിയിലൂടെ സഞ്ചരിക്കുന്ന അനുഭൂതിയാണ് പ്രദാനം ചെയ്യുന്നത്.
നിറം മാറുന്ന നീരാളി, വിവിധ വർണങ്ങളിലുള്ള കടൽപാമ്പുകൾ, ഫ്ലഡ്ജ് ഇനത്തിൽപ്പെട്ട മത്സ്യങ്ങൾ, അപൂർവ തെരണ്ടി-സ്രാവ് ഇനങ്ങൾ, ഹണിമൂൺ കടൽച്ചെടികൾ തുടങ്ങിയവയുടെ ദൃശ്യഭംഗി പുത്തൻ അനുഭവമാണ്.
വിദ്യാർഥികൾക്കും ഗവേഷകർക്കും ഒരുപോലെ വിജ്ഞാനപ്രദമായ പ്രദർശനം 27നാണു സമാപിക്കുക. പ്രവൃത്തി ദിവസങ്ങളിൽ 2 മുതൽ രാത്രി 9 വരെയും അവധി ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 9 വരെയുമാണ് പ്രവേശനം.