വരൂ… ചെറുപുഴയിൽ ആവേശത്തുഴയെറിയാം

ചെറുപുഴ: യാത്രകളോട് കൂട്ടുകൂടാൻ ഇഷ്ടമുള്ളവരാണ് ഏറെയും. ഈ വേനൽക്കാലത്തും ഉല്ലാസയാത്രകൾ നടക്കുമോയെന്ന് ചിന്തിക്കുന്നവരാകും പലരും. എന്നാൽ, രാവിലെ എഴുന്നേറ്റ് നേരെ ചെറുപുഴയിലേക്ക് വിട്ടോ. മലയോരത്തിന്റെ ടൂറിസം പറുദീസയായ ചെറുപുഴയിൽ പുതിയൊരു ‘സംഭവം’ റിലീസായിട്ടുണ്ട്.
ശാന്തമായി ഒഴുകുന്ന തേജസ്വിനി പുഴയിൽ ആരംഭിച്ച റാഫ്റ്റിങ്ങും ബോട്ടിങ്ങുമാണ് ഹിറ്റായത്. കിലോമീറ്ററുകളോളം നീളത്തിൽ റാഫ്റ്റിലേറി തുഴയാനും പെടൽ ബോട്ടിൽ ഓളങ്ങൾ തീർത്തുകൊണ്ടുപോകാനും കഴിയും.
രാവിലെ ആറുമുതൽ എട്ടുവരെയും വൈകിട്ട് നാലുമുതൽ ആറുവരെയുമാണ് അനുയോജ്യമായ സമയം. തേജസ്വിനിയുടെ ഇരുകരകളിലും ഒളിപ്പിച്ച വിസ്മയങ്ങൾ ആരെയും അത്ഭുതപ്പെടുത്തും. യുവ സംരംഭകനായ ആയന്നൂർ സ്വദേശി തോമസാണ് റാഫ്റ്റിങ്ങും ബോട്ടിങ്ങും ചെറുപുഴയ്ക്ക് പരിചയപ്പെടുത്തിയത്.
മീൻപിടിക്കാൻ ഇഷ്ടമുള്ളവർക്ക് പ്രത്യേക പരിശീലനവും ഫിഷിങ് ക്യാമ്പുംകൂടി നൽകുന്നുണ്ട് തോമസ്. കൂടുതൽ വിപുലമായ രീതിയിൽ സജ്ജീകരണങ്ങൾ ഒരുക്കി സഞ്ചാരികളെ ആകർഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ ഇരുപത്തഞ്ചുകാരൻ.