‘ബാക്ക് ടു ലൈഫ്’ ഹ്രസ്വ ചിത്രം പുറത്തിറക്കി അഗ്നിരക്ഷാ സേന

ഇരിട്ടി: ജീവന്റെ പ്രാധാന്യം പ്രതിപാദിക്കുന്ന ദൃശ്യാവിഷ്കരണവുമായി ഇരിട്ടി അഗ്നിരക്ഷാ നിലയം പ്രവർത്തകർ. ‘ബാക്ക് ടു ലൈഫ്’ എന്ന പേരിൽ ഈഗിൾസ് ഐ ഇരിട്ടിയുടെ ബാനറിൽ പുറത്തിറങ്ങിയ ഹ്രസ്വ ചിത്രം റിലീസിങ് സ്വിച്ചോൺ കർമം കണ്ണൂർ റീജനൽ ഫയർ ഓഫിസർ പി.രജ്ഞിത്ത് നിർവഹിച്ചു.
ഓവുചാലിൽ കുടുങ്ങിയ വയോധികനെ രക്ഷപ്പെടുത്താനുള്ള അഗ്നിരക്ഷാ സേനയുടെ ജീവന്മരണ പോരാട്ടമാണു ബാക്ക് ടു ലൈഫ് എന്ന ഹ്രസ്വ സിനിമയിലൂടെ പറയുന്നത്.
തിരക്കഥയും സംവിധാനവും ഫയർ ആൻഡ് റസ്‌ക്യൂ ഓഫിസറും ഉളിക്കൽ മാട്ടറ സ്വദേശിയുമായ അനീഷ് മാത്യുവാണ്. അഭിനയിച്ചിരിക്കുന്നത് ഇരിട്ടി നിലയത്തിലെ ജീവനക്കാരാണ്.
ഇരിട്ടി യൂണിറ്റ് സിവിൽ ഡിഫൻസ് ഡപ്യൂട്ടി വാർഡൻ ഡോളമി കുര്യാച്ചനാണ് ക്യാമറയും എഡിറ്റിങ്ങും നിർവഹിച്ചത്. ചാനൽ റിപ്പോർട്ടർമാരായ ഷിന്റോ തോമസ്, ഉൻമേഷ് പായം എന്നിവർ സാങ്കേതിക സഹായങ്ങൾ നൽകി.
ഇരിട്ടി നിലയം റിക്രിയേഷൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന റിലീസിങ് ചടങ്ങിൽ സ്റ്റേഷൻ ഓഫിസർ കെ.രാജീവൻ അധ്യക്ഷത വഹിച്ചു.
ക്ലബ് സെക്രട്ടറി മെഹറൂഫ് വാഴോത്ത്, ബൈജു കോട്ടായി, പി.പി.രാജീവൻ, പി.എച്ച്.നൗഷാദ്, അനീഷ് കുമാർ കീഴ്പ്പള്ളി, ദിലീപ് കുമാർ, അനീഷ് മാത്യു, ഡോളമി കുര്യാച്ചൻ, ബെന്നി കെ.സേവ്യർ എന്നിവർ പ്രസംഗിച്ചു. അഗ്നിരക്ഷാ സേന നേരിട്ട 101 സംഭവങ്ങളുടെ ദൃശ്യങ്ങൾ വരച്ചു ചേർത്ത മാഗസീനിന്റെ പേര് പ്രകാശനവും നടത്തി.