മലയിൻകീഴ് : വനിത ഡോക്ടറെ പീഡിപ്പിച്ച കേസിൽ സസ്പെൻഷനിലായ മുൻ സി.ഐക്കെതിരെ വ്യാജ രേഖ ചമച്ച് ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടിയതിന് വീണ്ടും കേസെടുത്ത് മലയിൻകീഴ് പൊലീസ്. പീഡനക്കേസിൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിക്കാനായി പൊലീസ് സ്റ്റേഷനിലെ റൈറ്ററുമായി ചേർന്ന് വ്യാജരേഖയുണ്ടാക്കിയതിനാണ് രണ്ട് പീഡനക്കേസുകളിൽ പ്രതിയായ മലയിൻകീഴ് മുൻ സി. ഐ എ.വി. സൈജുവിനെതിരെ ഡി.ജി.പിയുടെ നിർദ്ദേശപ്രകാരം വീണ്ടും കേസെടുത്തത്.
സി.ഐ മാസങ്ങളായി ഒളിവിലാണെന്നാണ് പൊലീസിന്റെ വിശദീകരണം. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മലയിൻകീഴ് സ്റ്റേഷനിലെ റൈറ്റർ പ്രദീപിൽ നിന്ന് കളവായി റിപ്പോർട്ട് എഴുതിവാങ്ങി അത് ജാമ്യം കിട്ടാൻ ഹൈക്കോടതിയിൽ രേഖയായി ഉപയോഗിച്ചെന്ന് മലയിൻകീഴ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ പറയുന്നു.
പരാതിക്കാരിയുടെ ആവശ്യപ്രകാരമാണ് കേസ് എടുത്തത്. മലയിൻകീഴിലും കൊച്ചി കൺട്രോൾ റൂമിലും ഇൻസ്‌പെക്ടറായിരുന്ന എ.വി.സൈജുവിനെതിരെ രണ്ട് പീഡനക്കേസുകളുണ്ട്. മലയിൻകീഴിലെ വനിതാ ഡോക്ടറുടെയും നെടുമങ്ങാട്ടെ അദ്ധ്യാപികയുടെയും പരാതിയിലാണ് കേസുകൾ.വനിതാ ഡോക്ടർ പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നും പീഡന പരാതി വ്യാജമാണെന്നുമായിരുന്നു സി.ഐ സൈജുവിന്റെ വാദം.
സൈജു ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. 2019 ൽ സൈജു മലയിൻകീഴ് എസ്.ഐ യായിരിക്കേ വിദേശത്ത് നിന്ന് ചികിത്സക്കയ്ക്കായി നാട്ടിലെത്തിയ വനിതാ ഡോക്ടർ വാടകയുമായി ബന്ധപ്പെട്ട വിഷയത്തിൽ പരാതിയുമായി മലയിൻകീഴ് സ്റ്റേഷനിൽ എത്തിയതോടെയാണ് ഇരുവരും പരിചയപ്പെടുന്നത്.
തുടർന്ന് സൗഹൃദത്തിലായ ഡോക്ടറുടെ പക്കൽ നിന്ന് എൽ.എൽ.ബി പഠനത്തിന് ഉൾപ്പെടെ ലക്ഷങ്ങൾ തട്ടിയെടുക്കുകയും ഭാര്യയുമായി വേർപിരിയാനിരിക്കെയാണ് താനെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് സൈജു വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ചെയ്തിരുന്നു. സൈജുവിന്റെ ഭാര്യ തന്റെ ഫോണിലേക്ക് നിരന്തരം വിളിച്ച് ശല്യം ചെയ്തപ്പോൾ സൈജു വീട്ടിൽ വരുന്നതിനെ എതിർത്തതായി ഡോക്ടർ പറയുന്നു.
ബന്ധം വഷളായതോടെ മാതാപിതാക്കളില്ലാതെ തനിച്ചു കഴിയുന്ന തന്റെ ജീവന് ഇൻസ്‌പെക്ടറിൽ നിന്ന് ഭീഷണിയുണ്ടെന്നും പരാതി നൽകിയിരുന്നു. തുടർന്ന് ഡിവൈ.എസ്.പി സുൽഫിക്കർ, തുടർന്ന് ജോൺസൺ എന്നിവരുടെ അന്വേഷണത്തിൽ ഡോക്ടറുടെ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയെങ്കിലും തുടർ നടപടിയുണ്ടായില്ല. പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റായിരുന്ന സൈജുവിനെ സഹായിക്കാൻ സംഘടനാ തലത്തിൽ നിന്ന് ഇടപെടലുകളുണ്ടായി.
തുടർന്ന് നടപടി വൈകിയതോടെ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഡോക്ടറുടെ പരാതിയിൽ കഴമ്പുണ്ടെന്നും സൈജുവും റൈറ്റർ പ്രദീപും വ്യാജ രേഖ ചമച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും കണ്ടെത്തി.ഇതിനെ തുടർന്ന് ഇരുവരെയും സസ്പെൻഡ് ചെയ്തിരുന്നു.
എന്നാൽ വ്യാജ രേഖകൾ ഉപയോഗിച്ച് സൈജു കാട്ടാക്കട കോടതിയിൽ ഡോക്ടർക്കെതിരെ പരാതി നൽകിയിരിക്കുകയാണ്.തനിക്കെതിരെ വനിതാ ഡോക്ടർ ആദ്യം വക്കീൽ മുഖേന 25 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും ഇപ്പോൾ ഭാര്യയോടു നേരിട്ടും പണം ആവശ്യപ്പെട്ടെന്നുമാണ് പരാതി.
ഫോൺ കാൾ ലിസ്റ്റ് ഉൾപ്പെടെ പരിശോധിച്ചാൽ യാഥാർത്ഥ്യം പുറത്തു വരുമെന്ന് വനിത ഡോക്ടർ പറയുന്നു. കേസിൽ നിന്ന് രക്ഷപ്പെടാൻ വനിതാ ഡോക്ടറുടെ ഭർത്താവിനെതിരെ സൈജു ഭാര്യയെക്കൊണ്ട് പരാതി കൊടുപ്പിച്ചിരിക്കുകയാണ്. ഇതോടൊപ്പം നെടുമങ്ങാട് സ്വദേശിനിയുടെ പരാതി പിൻവലിക്കാനും സൈജു നീക്കം നടത്തുന്നുണ്ട്.