മേൽപ്പാലത്തിലെ സുരക്ഷാവേലി അടർന്നുവീണ് ട്രെയിൻ ഗതാഗതം നിലച്ചു

കണ്ണൂർ: റെയിൽവേ സ്‌റ്റേഷനിലെ പ്രധാന മേൽപ്പാലത്തിലെ സുരക്ഷാവേലി തുരുമ്പിച്ച് അടർന്നുവീണ് ട്രെയിൻ ഗതാഗതം നിലച്ചു. ട്രാക്കിന് മുകളിലൂടെയുള്ള വൈദ്യുത ലൈനിൽ തുരുമ്പുകമ്പികൾ വീണ് വൈദ്യൂതി വിച്ഛേദിക്കപ്പെട്ടതോടെയാണ് കഴിഞ്ഞദിവസം ഗതാഗതം തടസ്സപ്പെട്ടത്.
മേൽപ്പാലത്തിലെ ഇരുമ്പുകൊണ്ടുള്ള സുരക്ഷാവേലി മിക്കയിടത്തും പൊട്ടിയടർന്നു കിടക്കുകയാണ്. തിരക്കുകൂടുന്ന സമയത്ത് യാത്രക്കാരുടെ ദേഹത്ത് കമ്പികൊണ്ട് മുറിയുന്നതും പതിവാണ്. ട്രെയിൻ സർവീസിനെ ബാധിക്കുന്നവിധം പൊട്ടിയടർന്നിട്ടും പുതിയ കമ്പിവേലി സ്ഥാപിക്കാൻ അധികൃതർ തയ്യാറാകുന്നില്ല.
കഴിഞ്ഞദിവസം രാത്രി റെയിൽവേ ലൈനിലെ വൈദ്യുതി ബന്ധം ഇല്ലാതായി ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് തുരുമ്പെടുത്ത കമ്പിവേലി പൊട്ടിയടർന്നാണ് വൈദ്യുതി ബന്ധം നിലച്ചതെന്ന് മനസിലായത്.
ഇതിനുമുമ്പും നിരവധി തവണ ഇത്തരത്തിൽ വൈദ്യുതി ബന്ധം നിലച്ചിട്ടുണ്ട്. എ ക്ലാസ് സ്‌റ്റേഷനായ കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ അടിസ്ഥാന സൗകര്യംപോലും ഇല്ലയെന്ന് നിരന്തരം പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് വൈദ്യുതി തകരാറിലാകുന്ന സംഭവവും ഉണ്ടാകുന്നത്.