തേജസ്വിനി വറ്റി; ജലക്ഷാമം മുന്നിൽ

ചെറുപുഴ: വേനൽ കനത്തതോടെ മലയോരത്തെ പ്രധാന ജലസ്രോതസ്സായ തേജസ്വിനിപ്പുഴ വറ്റിവരളാൻ തുടങ്ങി. മണൽ അടിഞ്ഞുകൂടി പുഴയുടെ ആഴം കുറഞ്ഞിട്ടുണ്ട്.
ഇതാണു പുഴയിലെ ജലനിരപ്പ് താഴാൻ പ്രധാന കാരണം. ചെറുപുഴ ഉൾപ്പെടെയുള്ള തടയണയിൽ നിന്നു അടിഞ്ഞുകൂടിയ മണൽ നീക്കിയിട്ടു വർഷങ്ങളായി. ഇതുമൂലം പല തടയണകളിലും ജലസംഭരണശേഷി കുറഞ്ഞു വരികയാണ്.
ഇതുമൂലം കോടികൾ മുടക്കി നിർമിച്ച ചെക്ക്ഡാം കൊണ്ടു പൊതുജനങ്ങൾക്ക് കാര്യമായ പ്രയോജനമൊന്നുമില്ല. കുടിവെള്ളത്തിനും ജലസേചനത്തിനു വേണ്ടിയാണു ചെക്ക്ഡാമുകൾ നിർമിച്ചത്.
എന്നാൽ മിക്ക ചെക്ക്ഡാമുകളും വെറും നോക്കുകുത്തിയായി മാറിയിരിക്കു കയാണ്. തടയണയുള്ള ചില പ്രദേശങ്ങളിൽ വെള്ളം ഉണ്ടെങ്കിലും മറ്റുള്ള പ്രദേശങ്ങൾ വറ്റിവരണ്ടു തുടങ്ങി.
തേജസ്വിനിപ്പുഴയുടെ കൊല്ലാട പാലത്തിനു താഴെ ഭാഗത്തു നീരൊഴുക്ക് കുറയാൻ തുടങ്ങി. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇവിടെ നീരൊഴുക്ക് പൂർണമായും നിലയ്ക്കും.
ഇതോടെ പ്രദേശത്തു ജലക്ഷാമം രൂക്ഷമാകാനുള്ള സാധ്യതയുണ്ട്. പുഴയിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.