പ്രണയദിനത്തില്‍ പശുവിനെ കെട്ടിപ്പിടിക്കേണ്ട; വിവാദ ഉത്തരവ് പിന്‍വലിച്ച് മൃഗക്ഷേമ ബോർഡ്

Share our post

ന്യൂഡല്‍ഹി: പ്രണയദിനമായ ഫെബ്രുവരി 14-ന് പശുവിനെ ആലിംഗനം ചെയ്യണം എന്ന വിവാദ ഉത്തരവ് പിന്‍വലിച്ചു. ഫെബ്രുവരി ആറിന് പുറത്തിറക്കിയ ഉത്തരവാണ് മൃഗ ക്ഷേമ ബോർഡ് ഇന്ന് പിന്‍വലിച്ചത്.

പശുവിനെ ആലിംഗനം ചെയ്യണം എന്ന അഭ്യര്‍ത്ഥന വലിയ വിമര്‍ശനത്തിന് ഇടയാക്കിയതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ പിന്‍മാറ്റം.

എന്നാല്‍ എന്ത് കാരണത്താലാണ് നേരത്തേ ഇറക്കിയ ഉത്തരവ് പിന്‍വലിക്കുന്നതെന്ന് മൃഗ ക്ഷേമ ബോര്‍ഡ് സെക്രട്ടറി എസ്.കെ. ദത്ത വെള്ളിയാഴ്ച പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നില്ല.

പശു ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടേയും നട്ടെല്ലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൗ ഹഗ് ഡേ ആചരിക്കാന്‍ ആഹ്വാനം ചെയ്തത്. പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും മൃഗ സംരക്ഷണ ബോര്‍ഡ് നേരത്തേ കുറ്റപ്പെടുത്തിയിരുന്നു.

കേന്ദ്ര മൃഗ സംരക്ഷണ വകുപ്പിന്റെ അനുമതിയോടെയാണ് ‘കൗ ഹഗ് ഡേ’ ആചരിക്കാനുള്ള ആഹ്വാനമെന്ന് മൃഗ ക്ഷേമ ബോര്‍ഡ് വിശദീകരിച്ചിരുന്നു.

പാശ്ചാത്യ സംസ്‌കാരത്തിന്റെ പുരോഗതി വേദ പാരമ്പര്യത്തെ നാശത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം നമ്മുടെ പൈതൃകം മറന്നു പോകാന്‍ ഇടയാക്കിയിരിക്കുന്നു.

ഈ ഘട്ടത്തില്‍ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിയ്ക്ക് കാരണമാകും. അതുകൊണ്ട് ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാമെന്ന് മൃഗ ക്ഷേമ ബോര്‍ഡ് ആദ്യം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറഞ്ഞിരുന്നു.

ഫെബ്രുവരി 14-ന് വാലന്റൈന്‍സ് ഡേ ആയാണ് ആഘോഷിക്കപ്പെടുന്നത്. വാലന്റൈന്‍സ് ഡേ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി ഹൈന്ദവ സംഘടനകള്‍ നേരത്തേ രംഗത്തെത്തിയതാണ്. വാലന്റൈന്‍സ് ദിനത്തില്‍ കമിതാക്കള്‍ക്ക് നേരെ ആക്രമണം ഉണ്ടാവുകയും ചെയ്തിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!