കവർച്ചക്കേസിൽ പ്രതിക്ക് ഒമ്പത് വർഷം കഠിനതടവ്

കണ്ണൂർ: മാതൃഭൂമി ദിനപത്രത്തിന്റെ ന്യൂസ് എഡിറ്ററായിരുന്ന വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച നടത്തിയ കേസിൽ ബംഗാൾ സ്വദേശി ഹിലാലിനെ കണ്ണൂർ അസി. സെക്ഷൻസ് ജഡ്ജ് രാജീവ് വാച്ചാൽ ഒമ്പത് വർഷം കഠിന തടവിന് ശിക്ഷിച്ചു.
ആറാം പ്രതി ഷഹീമുള്ളയെ കോടതി വെറുതെ വിട്ടു. നേരത്തെ മൂന്ന് പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു. ഇനി ഒരു പ്രതികൂടി വിചാരണ നേരിടാനുണ്ട്. വിട്ടയക്കപ്പെട്ട പ്രതി ഷഹീമുള്ളയ്ക്ക് വേണ്ടി അഡ്വ. ആർ. മഹേഷ് വർമയാണ് ഹാജരായത്.2018 സെപ്തംബർ ആറിന് പുലർച്ചെ രണ്ടോടെയാണ് വിനോദ് ചന്ദ്രന്റെ വീട്ടിൽ മോഷണം നടന്നത്.
മുൻവാതിൽ തകർക്കുന്ന ശബ്ദം കേട്ടാണ് വിനോദും ഭാര്യ സരിതയും ഉണർന്നത്. സംശയം തോന്നിയ ഇരുവരും എഴുന്നേറ്റ് നോക്കുകയായിരുന്നു. കിടപ്പുമുറിയുടെ വാതിൽ തുറന്നപ്പോഴേക്കും മുഖം മൂടിയിട്ട നാലുപേർ മുറിയിലേക്ക് ഇരച്ചു കയറി.
ഒന്നും പറയാൻ അനുവദിക്കാതെ വിനോദിന്റെ മുഖത്തടിച്ചു. പിന്നീട് നാൽവർസംഘം വിനോദിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പിന്നീട് വിനോദിന്റെയും ഭാര്യ സരിതയുടെയും കണ്ണു മൂടിക്കെട്ടി വായിൽ തുണി തിരുകി കട്ടിലിനോട് ചേർത്തുകെട്ടി.
പ്രതിരോധിക്കാൻ പോലും കഴിയാതെ ഇരുവരെയും മർദ്ദിച്ചിരുന്നു. 15000 രൂപയും 60 പവനും മൂന്ന് മൊബൈൽ ഫോണുകളും ലാപ്‌ടോപ്പും ഇലക്ട്രോണിക് സാധനങ്ങളുമുൾപ്പെടെ മോഷണം പോയിരുന്നു.