മാലിന്യക്കുഴിയിൽ വീണ് നാലു വയസുകാരി മരിച്ചു

പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിൽ മാലിന്യക്കുഴിയിൽ വീണ് നാലുവയസുകാരി മരിച്ചു. പ്ലെെവുഡ് കമ്പനിയിലെ മാലിന്യക്കുഴിയിലാണ് അന്യസംസ്ഥാന തൊഴിലാളിയുടെ മകൾ വീണത്. ഇന്ന് രാവിലെ ഒൻപതുമണിയോടെയായിരുന്നു സംഭവം.പശ്ചിമബംഗാൾ സ്വദേശി ഹുനൂബയുടെ മകൾ അസ്മിനയാണ് മരിച്ചത്.
ഹുനൂബ പ്ലെെവുഡ് കമ്പനിയിലെ ജീവനക്കാരിയാണ്. അവരോടൊപ്പം കമ്പനിയിലെത്തിയതായിരുന്നു കുട്ടി.മാലിന്യക്കുഴിയിലേയ്ക്ക് എത്തിനോക്കിയ അസ്മിന അതിലേയ്ക്ക് മറിഞ്ഞു വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
അവിടെയുണ്ടായിരുന്ന തൊഴിലാളികൾ കുട്ടിയെ പുറത്തെടുത്ത് ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആസ്പത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.
ഇവിടെ ഉണ്ടായിരുന്ന പഴയ കിണറാണ് മാലിന്യക്കുഴിയായി മാറ്റിയിരുന്നത്. കിണറിന് നല്ല താഴ്ചയുണ്ടായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.