പ്രളയബാധിത കുടുംബങ്ങൾക്ക് കിളിയന്തറയിൽ 15 പുതിയ വീടുകൾ

ഇരിട്ടി: അഞ്ച് കൊല്ലം മുമ്പത്തെ ഉരുൾപൊട്ടലും മഹാപ്രളയവും വിതച്ച ദുരിതത്തിന്റെ ഇരകളായ 15 കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകാനുള്ള തടസ്സങ്ങൾ നീങ്ങുന്നു. പായം കിളിയന്തറയിലെ അഞ്ചേക്കറിൽ സർക്കാർ ഏറ്റെടുത്ത ഒരേക്കർ സ്ഥലത്താണ് വീടുകളുടെ ജില്ലയിലെ ഏറ്റവും വിപുലമായ പ്രളയദുരിതാശ്വാസ പാർപ്പിട പദ്ധതി വൈകിയെങ്കിലും ആരംഭിച്ചത്.
ചെങ്കുത്തായ പ്രദേശമായതിനാൽ സർക്കാർ നിയോഗിച്ച എൻജിനിയർമാരും സാങ്കേതിക വിദഗ്ധരും പരിശോധിച്ച് നിർദ്ദേശിച്ച രൂപകൽപ്പനയിലാണ് വീടുകൾ നിർമിക്കുക. സ്ഥലം തട്ടുകളാക്കി, കോൺക്രീറ്റ് സുരക്ഷാ ഭിത്തി നിർമിച്ചശേഷമാണ് നിർമാണമാരംഭിക്കുക. നിലമൊരുക്കൽ പ്രവൃത്തിയാരംഭിച്ചു. ഏപ്രിലോടെ നിർമാണം പൂർത്തീകരിക്കാനാണ് നീക്കം.
പ്രളയം ബാക്കിയാക്കിയത്
അഞ്ച് വർഷം മുമ്പത്തെ ഉരുൾപൊട്ടലിൽ പായം പഞ്ചായത്ത് അതിർത്തിയിലെ മാക്കൂട്ടം പുഴപുറമ്പോക്കിലെ കൂരകൾ വെള്ളത്തിൽ മുങ്ങി. 15 കുടുംബങ്ങൾ അർധരാത്രിയിൽ ഉടുവസ്‌ത്രങ്ങളുമായി പലായനം ചെയ്‌തു.
കിളയന്തറ സെന്റ് തോമസ് സ്‌കൂളിൽ പിറ്റേന്ന് പായം പഞ്ചായത്ത് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് പിന്നീട് സർക്കാർ ഏറ്റെടുത്തു. ക്യാമ്പ് അവസാനിപ്പിച്ച ശേഷം ഈ കുടുംബങ്ങളെ വാടകവീടുകളിലേക്ക് മാറ്റി. ഏറെക്കാലം സർക്കാറാണ് വാടക നൽകിയത്.
ഇ പിയുടെ ഇടപെടൽ
2019 മാർച്ച് രണ്ടിന് അന്നത്തെ മന്ത്രി ഇ പി ജയരാജൻ കിളിയന്തറ പാർപ്പിട പദ്ധതിക്ക് കല്ലിട്ടു. ഇ പിയുടെയും സർക്കാരിന്റെയും അഭ്യർഥന മാനിച്ച് മഹാരാഷ്ട്രയിലെ ഹിന്ദുസ്ഥാൻ യൂണിലിവർ കമ്പനി കിളിയന്തറ പാർപ്പിട പദ്ധതി നിർമാണം ഏറ്റെടുക്കാൻ സന്നദ്ധരായി. സാങ്കേതിക തടസ്സങ്ങൾ കൂടി നീക്കി പുനരധിവാസ ഭവന പദ്ധതി നിർമാണമാരംഭിച്ചു.
5 കോടിയുടെ പദ്ധതി
അഞ്ച് സെന്റ് വീതമുള്ള സ്ഥലത്ത് ഏഴുലക്ഷം രൂപ വീതം മുടക്കിയുള്ള വീടുകൾ പണിയാനാണ് ലക്ഷ്യമിട്ടത്. നിലവിലെ കണക്കനുസരിച്ച് പാർപ്പിട പദ്ധതിക്ക് 5 കോടിയോളം രൂപ വേണ്ടിവരുമെന്ന് യൂണിലിവർ കമ്പനി അധികൃതർ പറഞ്ഞു.