ഹജ് പുറപ്പെടൽ കേന്ദ്രത്തിന് ഒരു കോടി; സൗകര്യമൊരുക്കും
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഹജ് പുറപ്പെടൽ കേന്ദ്രം ആരംഭിക്കുന്നതിന് സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി രൂപ ചെലവിട്ട് ഹജ് തീർഥാടകർക്ക് സൗകര്യമൊരുക്കും. വിമാനത്താവളത്തിൽ നിലവിലുള്ള സൗകര്യങ്ങൾക്കു പുറമേ ആവശ്യമായി വരുന്ന പ്രവൃത്തികൾക്കാണു തുക വകയിരുത്തിയത്.
ഹജ് എംബാർക്കേഷൻ സൗകര്യം ഒരുക്കുന്നതിനായി വിമാനത്താവളത്തിലെ എല്ലാ സൗകര്യങ്ങളും പ്രയോജനപ്പെടുത്തുമെന്ന് കിയാൽ അധികൃതരും വ്യക്തമാക്കി. ഇന്നലെ ദേശീയ ഹജ് കമ്മിറ്റി ചെയർമാൻ എ. പി. അബ്ദുല്ലക്കുട്ടി കിയാൽ എംഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഹജ് ഹൗസ് ഇല്ലെങ്കിലും വിമാനത്താവളത്തിൽ ലഭ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും തീർഥാടകർക്കായി ഉപയോഗിക്കും. വിമാനത്താവളത്തിൽ ഒരുക്കേണ്ട സൗകര്യങ്ങളെ കുറിച്ച് ആലോചിക്കാൻ വരും ദിവസങ്ങളിൽ യോഗം ചേരും. തീർഥാടകരുമായി പുറപ്പെടാൻ എത്തുന്ന വിമാനങ്ങളെ ആശ്രയിച്ചാണ് വിമാനത്താവളത്തിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നത്.
ആഗോള ടെൻഡർ വഴിയാണ് ഹജ് തീർഥാടകരുമായി പുറപ്പെടാനും തിരികെ എത്തിക്കാനുമുള്ള വിമാന കമ്പനികളെ തിരഞ്ഞെടുക്കുക. ടെൻഡർ എടുക്കുന്ന വിമാന കമ്പനികളാണ് ഏത് തരം വിമാനം ഉപയോഗിക്കണമെന്നു തീരുമാനിക്കുന്നത്. എത്ര യാത്രക്കാരുണ്ടാകും ഏത് തരത്തിലുള്ള വിമാനം എത്തും എന്നതിനെ ആശ്രയിച്ചാണ് ഒരുക്കേണ്ട സൗകര്യങ്ങൾ പരിശോധിക്കുക. വലിയ വിമാനങ്ങൾ എത്തിയാൽ കൂടുതൽ ചെക്ക്–ഇൻ കൗണ്ടറുകൾ ഉൾപ്പെടെ ഒരുക്കേണ്ടി വരും.
കോഴിക്കോടും ഹജ് പുറപ്പെടൽ കേന്ദ്രം അനുവദിച്ചിട്ടുണ്ടെങ്കിലും വലിയ വിമാനങ്ങൾ ഇറങ്ങാൻ ഡിജിസിഎ അനുമതിയില്ല. ഈ സാഹചര്യത്തിൽ തൊട്ടടുത്ത വിമാനത്താവളം എന്ന നിലയിൽ വലിയ വിമാനങ്ങൾ കണ്ണൂരിൽ എത്തുമെന്നാണ് കിയാലിന്റെ പ്രതീക്ഷ. അടുത്ത 5 വർഷത്തെ ഹജ് പോളിസി പുറത്തിറക്കിയ കേന്ദ്ര സർക്കാർ ആക്‌ഷൻ പ്ലാനും ഗൈഡ് പ്ലാനും പുറത്തിറക്കണം. ഇതിലാണ് വിമാനങ്ങളുടെ ടെൻഡർ വിവരങ്ങൾ ഉണ്ടാകുക.
4,000 തീർഥാടകർ എത്തുമെന്ന് പ്രതീക്ഷ
കണ്ണൂരിൽ നിന്ന് 4,000 തീർഥാടകരെയാണു പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് കോഴിക്കോടും മലപ്പുറവും കഴിഞ്ഞാൽ കണ്ണൂരിലാണ് ഏറ്റവും കൂടുതൽ ഹജ് തീർഥാടകർ. കണ്ണൂർ, കാസർകോട്, കുടക്, വയനാട് പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾ ഹജ് പുറപ്പെടൽ കേന്ദ്രമായി കണ്ണൂർ തിരഞ്ഞെടുക്കുമെന്നാണു കരുതുന്നത്.