കേന്ദ്രമന്ത്രി വി .മുരളീധരന്റെ ഉള്ളൂരിലെ വീട്ടിൽ ചോരപ്പാടുകൾ, ജനൽച്ചില്ല് തകർത്ത നിലയിൽ; അന്വേഷണം

തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ഉള്ളൂരിലെ വീട്ടിൽ അജ്ഞാതരുടെ ആക്രമണം. വീടിന്റെ ജനൽച്ചില്ല് തകർന്ന നിലയിലാണ്. കാർ പോർച്ചിൽ ചോരപ്പാടുകളും കണ്ടെത്തി.
എപ്പോഴാണ് ആക്രമണം നടന്നതെന്ന് വ്യക്തമല്ല. ഇന്ന് രാവിലെ പത്തുമണിയോടെ വീട് വൃത്തിയാക്കാനെത്തിയ സ്ത്രീയാണ് ചോരപ്പാടുകളും മറ്റും കണ്ടത്.
വീടിന്റെ ടെറസിലേയ്ക്കുള്ള പടികളിലും ചോരപ്പാടുകൾ ഉണ്ട്. എന്നാൽ വാതിൽ തള്ളിത്തുറക്കാനോ ജനൽ കുത്തിത്തുറക്കാനോ ഉള്ള ശ്രമം നടന്നിട്ടില്ല. ഇക്കാരണങ്ങളാൽ മോഷണശ്രമമായി കാണാൻ ആകില്ലെന്ന് വി മുരളീധരന്റെ സഹായികളിലൊരാളായ ബാലു പറഞ്ഞു.
ആക്രമണശ്രമമായാണ് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മുരളീധരൻ തിരുവനന്തപുരത്ത് എത്തുമ്പോൾ താമസിക്കുന്ന വീടാണിത്. ഇതിന് പിന്നിലായാണ് മന്ത്രിയുടെ ഓഫീസ് പ്രവത്തിക്കുന്നത്.
പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ വി .മുരളീധരൻ ഡൽഹിയിലാണ്.പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീട്ടിൽ സിസിടിവി സ്ഥാപിച്ചിട്ടില്ല. തൊട്ടടുത്ത വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായി പൊലീസ് വ്യക്തമാക്കി.