വിസ തട്ടിപ്പ് കേസിൽ പ്രതികൾ ഒളിവിൽ, അന്വേഷണം ഇഴയുന്നു

തളിപ്പറമ്പ്: വിസ തട്ടിപ്പ് കേസിലെ പ്രതികളായ സഹോദരങ്ങൾ ഒളിവിൽ തന്നെ. കേസിൽ അന്വേഷണം ഇഴയുന്നു. ചിറവക്കിലെ സ്റ്റാർ ഹൈറ്റ് കൺസൾട്ടൻസി എന്ന സ്ഥാപനം നടത്തിയ പുളിമ്പറമ്പിൽ താമസിക്കുന്ന കിഷോർ കുമാറും കിരൺ കുമാറുമാണ് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങിയത്.
മാസങ്ങൾക്ക് ശേഷം 2023 ജനുവരി 4ന് വയനാട്ടിലെ യുവാവ് ജീവനൊടുക്കിയ ശേഷമാണ് പൊലീസ് നടപടി ആരംഭിച്ചത്. വിസയ്ക്ക് പണം നൽകി വഞ്ചിക്കപ്പെട്ട തി നെ തുടർന്നാണ് യുവാവ് ജീവനൊടുക്കിയത്. പയ്യന്നൂർ, പരിയാരം, തളിപ്പറമ്പ് എന്നീ സ്റ്റേഷനുകളിൽ യുവാക്കൾ പരാതികളുമായി എത്തി.
ഇപ്പോൾ 20 ഓളം കേസുകൾ റജിസ്റ്റർ ചെയ്തിറ്റുണ്ട്. സി.ഐ എ.വി. ദിനേശനാണ് കേസ് അന്വേഷിക്കുന്നത്. യു.കെ അടക്കമുള്ള രാജ്യങ്ങളിലേക്ക് വിസ ശരിയാക്കി തരാമെന്ന് പറഞ്ഞ് അഞ്ച് ലക്ഷം രൂപ വീതമാണ് ഇവർ കൈക്കലാക്കിയത്. ആർക്കും ഇതുവരെ വിസ നൽകിയിട്ടില്ല.
പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇവരെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.