ലക്ഷം രൂപ കൈക്കൂലി : റേഞ്ച് ഓഫീസർ അറസ്റ്റിൽ

Share our post

തൊടുപുഴ: വീട്ടിൽ നിന്ന് മാൻകൊമ്പ് കണ്ടെടുത്ത കേസ് ലഘൂകരിക്കാൻ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങവേ തൊടുപുഴ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ലിബിൻ ജോണിയെ ക്വാർട്ടേഴ്‌സിൽ വച്ച് വിജിലൻസ് അറസ്റ്റ് ചെയ്‌തു.

പരാതിക്കാരന്റെ വീട്ടിൽ ഓപ്പറേഷൻ കുബേരയുടെ ഭാഗമായി തൊടുപുഴ പൊലീസ് നടത്തിയ റെയ്ഡിൽ മാൻകൊമ്പിന്റെ കഷണം കണ്ടെത്തിയിരുന്നു. ഇത് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന് കൈമാറിയതിന് പിന്നാലെ തൊടുപുഴ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിൽ പരാതിക്കാരനെതിരെ കേസ് രജിസ്റ്റർ ചെയ്തു.

ഈ കേസ് ലഘൂകരിച്ച് നൽകാമെന്നും അറസ്റ്റ് ഒഴിവാക്കാമെന്നും അതിനായി ഒരു ലക്ഷം രൂപയും മദ്യവും വേണമെന്നും റേഞ്ച് ഓഫീസർ ആവശ്യപ്പെട്ടു. മദ്യം മുട്ടത്തുള്ള റേഞ്ച് ഓഫീസറുടെ ക്വാർട്ടേഴ്‌സിൽ എത്തിച്ചപ്പോൾ ഒരു ലക്ഷം രൂപ ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടു.

തുക കുറയ്‌ക്കാമോ എന്ന് ചോദിച്ചപ്പോൾ ഒരു ലക്ഷം തന്നെ വേണമെന്ന് റേഞ്ച് ഓഫീസർ നിർബന്ധം പിടിച്ചു. തുടർന്നാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്.

വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കോട്ടയം ഈസ്റ്റേൺ റേഞ്ച് എസ് .പി വി.ജി .വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരം ഇടുക്കി യൂണിറ്റ് ഡി.വൈ.എസ്.പി ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. റേഞ്ച് ഓഫീസറെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!