യാത്രക്കാരുടെ കാര്യം കഷ്ടം തന്നെ! പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ ശുചീകരണവും നിലച്ചു

പഴയങ്ങാടി: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ വീർപ്പ് മുട്ടുന്ന പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ ശുചീകരണം നിലച്ചിട്ട് ദിവസങ്ങളായി. യാത്രാ തിരക്കേറിയ പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ ശുചീകരണം നിലച്ചത് കാരണം ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളിലും ട്രാക്കുകളിലും പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ നിറഞ്ഞതോടെ യാത്രക്കാരും സ്റ്റേഷനിലെ ജീവനക്കാരും ദുരിതത്തിലായി.
മൂക്ക് പൊത്തി മാത്രമേ സ്റ്റേഷനിൽ പ്രവേശിക്കാൻ കഴിയൂ എന്നതാണ് സ്ഥിതി.ശുചീകരണ തൊഴിലാളികളോട് മുന്നറിയിപ്പുകൾ ഒന്നുമില്ലാതെ ജോലി ക്ക് വരേണ്ട എന്ന് നിർദേശം വന്നതോടെയാണ് ശുചീകരണം നിലച്ചത്. ശുചീകരണ തൊഴിലാളികൾക്ക് ശമ്പളം കൊടുക്കുവാൻ ഫണ്ടില്ല എന്നതാണ് റെയിൽവേയുടെ ഉന്നത കേന്ദ്രങ്ങൾ ഇതിന് കാരണമായി പറയുന്നത്.
ട്രെയിനുകളിൽ നിന്നും മറ്റും വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ, പ്ലാസ്റ്റിക് കവർ, ഭക്ഷണ അവശിഷ്ടങ്ങൾ എന്നിവ ട്രാക്കിൽ ഏറെയുണ്ട്. സ്ഥിതി ഗുരുതരമായതോടെ പ്ലാറ്റ്ഫോമിൽ നിൽക്കാതെ ദൂരങ്ങളിൽ നിന്ന് ട്രെയിൻ എത്തിയാൽ യാത്രക്കാർ ചാടിക്കയറുന്ന അവസ്ഥയാണ്. ഈ ദുരവസ്ഥയ്ക്ക് എതിരെ യാത്രക്കാർ പ്രതിഷേധിക്കുമ്പോൾ ശുചീകരണം എന്ന് തുടങ്ങുമെന്ന് സ്റ്റേഷൻ അധികൃതർക്ക് പോലും പറയാൻ കഴിയുന്നില്ല.
ഡി കാറ്റഗറിയിൽ ഉള്ള കണ്ണൂർ, കാസർകോട് ജില്ലകളിലെ സ്റ്റേഷനുകളിൽ മിക്ക സ്റ്റേഷനുകളിലും ശുചീകരണം മുടങ്ങിയിരിക്കുകയാണ് .മൂക്കുപൊത്തി 2000യാത്രക്കാർആവശ്യത്തിനുള്ള കുടിവെള്ള സംവിധാനമോ ഇരിപ്പിടമോ ശുചിമുറികളോ പഴയങ്ങാടി സ്റ്റേഷനിൽ ഇല്ല.
റെയിൽവേ സ്റ്റേഷനിൽ ശുചീകരണ പ്രവൃത്തി കൂടി ഇല്ലാതായതോടെ തൊഴുത്തിന് സമാനമായി. എട്ട് പഞ്ചായത്തുകളിൽ നിന്നായി ദിനംപ്രതി രണ്ടായിരത്തോളം യാത്രക്കാർ ആണ് പഴയങ്ങാടി റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നത്.