ന്യൂഡൽഹി: റബ്ബർ ഇറക്കുമതിയുമായി ബന്ധപ്പെട്ട കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങൾ ചർച്ചചെയ്യാനും പരിഹാരമാർഗങ്ങൾ ആരായാനും റബ്ബർ ബോർഡ് പ്രതിനിധികളും എംപിമാരും പങ്കെടുത്തുകൊണ്ട് സംയുക്ത യോഗം വിളിക്കാൻ ധാരണയായി.
ഇടത് എംപിമാർ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയലുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. രാജ്യസഭയിലെ ഇടതുപക്ഷ നേതാക്കളായ എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ മാണി എന്നിവരാണ് മന്ത്രിയുമായി ഇന്നലെ ഈ വിഷയത്തിൽ ചർച്ച നടത്തിയത്.
മിശ്രിതറബ്ബർ ഇറക്കുമതി ചുങ്കം ഉയർത്തിക്കൊണ്ട് കേന്ദ്ര ബജറ്റിൽ ധനമന്ത്രി നടത്തിയ പ്രഖ്യാപനം റബ്ബർ കർഷകർക്ക് ഒരു തരത്തിലും ആശ്വാസം നൽകാത്ത നടപടിയാണ് എന്ന് ഇടത് എം.പിമാർ മന്ത്രിയെ അറിയിച്ചു.
കേരളത്തിലെ ഉൾപ്പെടെ റബ്ബർ കർഷകർ വളരെ വലിയ പ്രതിസന്ധികൾ നേരിടുന്ന സാഹചര്യത്തിൽ ആശ്വാസ നടപടികൾ പ്രതീക്ഷിച്ച ബജറ്റിൽ ആ നിലയിലുള്ള ഒരു നടപടിയും ഇല്ല എന്നത് കർഷകരെ സർക്കാർ കൈവിടുന്നു എന്നതിന്റെ തെളിവാണ്.
മിശ്രിതറബ്ബർ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ബജറ്റിൽ നടത്തിയ പ്രഖ്യാപനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണ്. ഈ നടപടികൊണ്ട് കർഷകർക്ക് ഒരു ഗുണവും ഉണ്ടാകാൻ സാധ്യതയില്ല എന്നും ഇടത് എംപിമാർ മന്ത്രിയെ അറിയിച്ചു.
ഈ ആശങ്കകൾ ചർച്ച ചെയ്യാനും പരിഹാരമാർഗ്ഗങ്ങൾ ആരായാനും റബ്ബർ ബോർഡ് ഉദ്യോഗസ്ഥരും എംപിമാരുമായി സംയുക്ത യോഗം വിളിക്കാമെന്ന് കൂടിക്കാഴ്ചയെ തുടർന്ന് മന്ത്രി ഉറപ്പ് നൽകുകയുണ്ടായി.
ഇന്ത്യയിലെ കഴിഞ്ഞ വർഷത്തെ റബ്ബർ ഇറക്കുമതി പരിശോധിച്ചാൽ ആകെ റബ്ബർ ഇറക്കുമതിയുടെ ആറിൽ ഒന്ന് മാത്രമാണ് മിശ്രിതറബ്ബർ. കർഷകരെ സഹായിക്കുക എന്നതായിരുന്നു സർക്കാരിന്റെ ലക്ഷ്യമെങ്കിൽ സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതി ചുങ്കം വർധിപ്പിക്കുകയായിരുന്നു വേണ്ടിയിരുന്നത്.
ആസിയാൻ കരാറിനെ തുടർന്ന് തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും നികുതി ഇളവോടുകൂടി ഇന്ത്യയിലേക്ക് നിർബാധം റബ്ബർ ഇറക്കുമതി സാധ്യമായതിന്റെ ഫലമായാണ് കേരളത്തിലെ ഉൾപ്പെടെ റബ്ബർ കർഷകർ ദുരിതത്തിലായത്. ഇത്തരം രാജ്യങ്ങളിൽ നിന്നുള്ള റബ്ബർ ഇറക്കുമതി നിയന്ത്രിക്കണം എന്ന കർഷകരുടെ നിരന്തരമായ ആവശ്യം ചെവിക്കൊള്ളാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ബജറ്റിലെ പ്രഖ്യാപനം നിർഭാഗ്യകരമാണ്.
മിശ്രിതറബ്ബറിന്റെ ഇറക്കുമതി ചുങ്കം 25% ആയി ഉയർത്തിയാലും അത് കമ്പോളത്തിൽ വലിയ ചലനം ഉണ്ടാക്കില്ല എന്നതാണ് യാഥാർഥ്യം. ഇന്ത്യയിലെ മിശ്രിതറബ്ബർ ഇറക്കുമതിയുടെ 88% ആസിയാൻ രാജ്യങ്ങളിൽ നിന്നുമാണ്. ഈ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഇന്ത്യ- ആസിയാൻ സ്വതന്ത്ര വ്യാപാര കരാറിന്റെ പരിധിയിൽ വരുന്നതിനാൽ പൂജ്യം മുതൽ അഞ്ച് ശതമാനം മാത്രമേ നികുതി ഏർപ്പെടുത്താൻ സാധിക്കൂ.
അതിനാൽത്തന്നെ റബ്ബർ കമ്പനികളെ സംബന്ധിച്ചിടത്തോളം ഈ നടപടി പ്രത്യേകിച്ച് മാറ്റങ്ങളൊന്നും ഉണ്ടാക്കില്ല. അഥവാ കമ്പനികളുടെ ലാഭത്തിൽ ചെറിയ കുറവ് ഉണ്ടായാൽ അത് ഉപഭോക്താക്കളുടെ ചുമലിലേക്ക് മാറ്റപ്പെടുക മാത്രമാണ് ഉണ്ടാവുക. അതായത്, ബജറ്റിലെ പ്രഖ്യാപനം റബ്ബർ കർഷകർക്ക് ഒരു തരത്തിലും ഗുണകരമാകില്ല എന്ന് മാത്രമല്ല, വിപണിയിൽ ചെറിയ തോതിലെങ്കിലും റബ്ബർ ഉൽപ്പന്നങ്ങളുടെ വില വർധനവിന് ഇത് കാരണമായേക്കാം.
സർക്കാരിന്റെ അവകാശവാദം പോലെ റബ്ബർ കർഷകരെ സഹായിക്കണം എന്നതാണ് ലക്ഷ്യമെങ്കിൽ മിശ്രിത റബ്ബറിന്റെയും സ്വാഭാവിക റബ്ബറിന്റെയും ഇറക്കുമതി തീരുവ ഒരുപോലെ ഉയർത്തുകയും റബ്ബറിന് താങ്ങുവില പ്രഖ്യാപിക്കുകയുമാണ് ചെയ്യേണ്ടത്.
ഈ വിഷയങ്ങളെല്ലാം ഉന്നയിച്ചുകൊണ്ടാണ് ഇന്നലെ ഇടത് എം.പിമാർ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയലിനെ സന്ദർശിച്ച് കത്ത് നൽകുകയും വിശദമായ ചർച്ച നടത്തുകയും ചെയ്തത്.
ഈ ചർച്ചയുടെ ഫലമായാണ് റബ്ബർ ബോർഡ് അധികൃതർ എം.പിമാരുടെ യോഗം വിളിച്ചു ചേർക്കുന്നത്. നാളെ നടക്കുന്ന യോഗത്തിൽ പങ്കെടുക്കുമെന്നും റബ്ബർ കർഷകരെ സഹായിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാരിൽ നിരന്തര സമ്മർദ്ദം ചെലുത്തുമെന്നും ഇടത് എം.പിമാർ അറിയിച്ചു.